gnn24x7

റിപ്പബ്ലിക്ക് പരേഡില്‍ ഇത്തവണയും നാവിക സേന വാദ്യസംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്

0
249
gnn24x7

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ തുടര്‍ച്ചയായി പതിനാറാമത്തെ തവണ നാവിക സേനാ വിഭാഗത്തിന്‍റെ വാദ്യസംഘത്തില്‍ അണിചേരാന്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ് ഈ സംഗീതജ്ഞന്.

അങ്ങനെ ഒരു അപൂര്‍വനേട്ടം സിദ്ധിച്ച് വ്യത്യസ്തനാകുന്ന ആ വ്യക്തി മറ്റാരുമല്ല വിന്‍സെന്റ് ജോണ്‍സണാണ്. അദ്ദേഹത്തിനാണ് രാജ്പഥിലൂടെ നാവിക സേനയുടെ പ്രസിദ്ധമായ വാദ്യസംഘത്തിനെ വീണ്ടും സംഗീതതാളത്തില്‍ നയിക്കാന്‍ അവസരം ലഭിച്ചത്.

എണ്‍പതുപേരടങ്ങുന്ന വാദ്യസംഘം ഒന്നരലക്ഷം വരുന്ന കാണികള്‍ക്കും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികളായ ലോക നേതാക്കള്‍ക്കും മുന്നിലൂടെയാണ് അടിവച്ചടിവച്ച് നീങ്ങുക. 

ദേശഭക്തിയും സൈന്യത്തിന്‍റെ വീരഗാഥകളും ഉപകരണസംഗീതത്തിലൂടെ ഒഴുകുമ്പോള്‍ ജോണ്‍സന്‍ ഏറ്റെടുക്കുന്ന ദൗത്യം ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങളിലൂടെ എല്ലാ ഇന്ത്യക്കാരിലേക്കുമെത്തും.

നാവികസേനയുടെ വാദ്യസംഘത്തിലെ ഏറ്റവും പ്രഗല്‍ഭനായ സംഗീതജ്ഞനാണ് 48 കാരനായ ജോണ്‍സനെന്നും വര്‍ഷങ്ങളായി പരേഡില്‍ പങ്കെടുക്കുന്നത് ശ്രദ്ധേയമായ നേട്ടമാണെന്നും മുന്‍ നാവികസേനാ മേധാവി അരുണ്‍ പ്രകാശ് പറഞ്ഞു.

ഡ്രം മേജര്‍ എന്ന ചുമതലയിലാണ് ജോണ്‍സന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. സാധാരണഗതിയില്‍ വാദ്യസംഘത്തിലുള്ളവര്‍ക്ക് പരേഡുകള്‍ സ്ഥിരമായി ഉണ്ടാകാറുണ്ട്. എന്നാല്‍ 

16 വര്‍ഷം തുടര്‍ച്ചയായി അതും റിപ്പബ്ലിക് ദിനത്തിലെന്നത് അപൂര്‍വമായ നേട്ടമാണെന്നും പ്രകാശ് ചൂണ്ടിക്കാട്ടി. 

പരേഡിൽ ബാൻഡുകൾ സ്ഥിരമായ സവിശേഷതയായതിനാൽ സൈനിക ബാൻഡുകളിലെ അംഗങ്ങൾക്ക് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ നിരവധി തവണ അവസരം ലഭിക്കാറുണ്ടെന്നും നാവികസേനയുടെ സംഗീത ഡയറക്ടറായ കമാൻഡർ വിജയ് ഡിക്രൂസ് പറഞ്ഞു. 

എങ്കിലും ജോണ്‍സന്റെത് അപൂര്‍വ്വ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അതേ സംഘത്തില്‍ 5-6 വര്‍ഷമായിട്ടുള്ളവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സിഡ്‌നി മുതൽ മൗറീഷ്യസ് വരെയും സെന്റ് പീറ്റേഴ്‌സ്ബർഗ് മുതൽ എഡിൻബർഗ് വരെയും ജോൺസൺ ഇന്ത്യൻ നാവികസേനയെ ലോകമെമ്പാടുമുള്ള സൈനിക പരിപാടികളില്‍ നയിച്ചിട്ടുണ്ട്.

പക്ഷെ സ്വന്തം നാടിന്‍റെ റിപ്പബ്ലിക്ക് ദിനത്തില്‍ പങ്കെടുക്കുന്നത്ര സന്തോഷം മറ്റൊന്നിലുമില്ലെന്നും ജോണ്‍സന്‍ വ്യക്തമാക്കി. 

2013 ലെ സിഡ്‌നിയിലെ അന്താരാഷ്ട്ര ഫ്‌ളീറ്റ് റീവ്യൂ, 2015 ലെ മൗറീഷ്യസ് ദേശീയ ദിനാഘോഷം, 2017 ലെ റോയല്‍ എഡിന്‍ബറോ മിലിറ്ററി ടാറ്റൂ, 2018 ലെ റഷ്യന്‍ ഫെഡറേഷന്‍റെ സെന്‍.പീറ്റേഴ്‌സ്ബര്‍ഗിലെ നാവിക സേനാ പരേഡ് എന്നിവയില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചത് ജോണ്‍സണായിരുന്നു.

1990 ലാണ് താന്‍ ആദ്യമായി റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്നതെന്നും അന്ന് 16.5 കിലോമീറ്ററാണ് വാദ്യസംഘം രാജ്പഥിലൂടെ നീങ്ങിയതെന്നും എന്നാല്‍ ഇന്ന് അത് 12 കിലോമീറ്ററായി ചുരുങ്ങിയെന്നും ജോണ്‍സന്‍ പറഞ്ഞു. ജോണ്‍സന്‍ നാവികസേനയില്‍ ചേര്‍ന്നത്‌ 1989 ലാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here