gnn24x7

ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്ച് 1 എന്‍1; രോഗം തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ വലിയ വിപത്ത് ഒഴിവായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രിന്‍സിപ്പാള്‍

0
217
gnn24x7

കോഴിക്കോട്: എച്ച് വണ്‍ എന്‍ 1 പനി സ്ഥിരീകരിച്ച കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളിലും അധ്യാപകരിലും പിടിപെട്ട അസുഖം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചതാണ് അപകട സാധ്യത കുറച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിലവില്‍ രോഗം നിയന്ത്രണത്തിലാണെന്നും ഒരു വിദ്യാര്‍ത്ഥി പോലും ഇപ്പോള്‍ ആശുപത്രിയില്‍ ഇല്ലെന്നും പ്രിന്‍സിപ്പാള്‍ തോമസ് മാത്യു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

”പ്രധാനപ്പെട്ട കാര്യം അസുഖം തുടക്കത്തിലേ കണ്ടെത്താനായി എന്നതാണ്. മെഡിക്കല്‍ സംഘം ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. ലെവല്‍ എയും ബിയുമായി 50 ല്‍ താഴെയുള്ള കുട്ടികളിലാണ് അസുഖം കണ്ടത്. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യം ഒന്നുമില്ല. കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്”, അദ്ദേഹം പറഞ്ഞു.

അധ്യാപകരില്‍ ചിലര്‍ക്ക് പനിയുണ്ടായിരുന്നു. അവരെല്ലാം രോഗത്തെ അതിജീവിച്ചുവരികയാണ്. എല്ലാവരും വീട്ടില്‍ വിശ്രമത്തിലാണ്. ഇന്നലെ പഞ്ചായത്തിന്റെ മെഡിക്കല്‍ ക്യാമ്പുകള്‍ ഉണ്ടായിരുന്നു. മൂന്ന്, നാല് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പുകള്‍. എല്ലാവരും ഒരുമിച്ച് നിന്നാണ് ഇതിനെ നേരിട്ടത്. -പ്രിന്‍സിപ്പാള്‍ പറയുന്നു.

ആനയാംകുന്ന് ഹൈസ്‌കൂള്‍ സെക്ഷനിലായിരുന്നു ആദ്യം പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പത്താംക്ലാസ് ഇ ഡിവിഷനില്‍ 16 കുട്ടികള്‍ ഒരുമിച്ച് ലീവായതോടെയാണ് തുടക്കം.

രാവിലെ അറ്റന്റന്‍സ് എടുത്ത് കഴിഞ്ഞപ്പോള്‍ കുറേ കുട്ടികള്‍ ലീവായത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകളിലേക്ക് ഫോണ്‍ ചെയ്തു. പനിയാണെന്നായിരുന്നു മിക്കവരും നല്‍കിയ മറുപടി. പിറ്റേ ദിവസം 46 കുട്ടികള്‍ ക്ലാസിലെത്തിയില്ല. ഇവരുടെ രക്ഷിതാക്കളേയും വിളിച്ചപ്പോള്‍ പനിയാണെന്നായിരുന്നു പറഞ്ഞത്.

ഇതോടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അധ്യാപകര്‍ ആലോചിച്ചു. സ്റ്റാഫ് മീറ്റിങ് വിളിച്ച് പ്രിന്‍സിപ്പാള്‍ തോമസ് മാത്യു വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് കാരശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച മെഡിക്കല്‍ ഓഫീസറും സംഘവും സ്‌കൂളിലെത്തി പരിശോധന നടത്തി. വൈറല്‍ പനിയുടെ ലക്ഷണങ്ങളായിരുന്നു കണ്ടത്. അതേസമയം രോഗം എന്തെന്ന് സ്ഥിരീകരിക്കുന്നതിനായും അതിവേഗം പകരുന്ന സാഹചര്യം പരിഗണിച്ചും പനി ബാധിച്ച ഒരു വിദ്യാര്‍ത്ഥിയേയും അധ്യാപകനേയും വിദഗ്ധ പരിശോധനയ്ക്കായി ചൊവ്വാഴ്ച കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പിന്നീട് അഞ്ച് വിദ്യാര്‍ത്ഥികളെ കൂടി എത്തിച്ചു. ഇവരില്‍ നിന്ന് ശേഖരിച്ച തൊണ്ടയിലെ ശ്രവം വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം വന്നപ്പോഴാണ് ഇവര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി സ്ഥിരീകരിച്ചത്.

ആനയാംകുന്ന് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് വെള്ളിയാഴ്ച വരെ അവധി കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പനി പടര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കളക്ടര്‍ സാംബശിവ റാവുവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീയും ആനയാംകുന്ന് സ്‌കൂളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here