തീരദേശ പരിപാലന നിയമ൦ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ നാളെ പൊളിച്ചുനീക്കുകയാണ്. ഇതിന് പിന്നാലെയിപ്പോള്‍ കേരളത്തിലെ മറ്റൊരു കെട്ടിടം കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള നെടിയത്തുരുത് ദ്വീപിൽ നിർമിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു മാറ്റാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശപരിപാലന നിയമം ലംഘിച്ച് അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു കളയാന്‍ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കാപ്പികോയ്ക്ക് ഒപ്പം വാമിക റിസോർട്ടും പൊളിക്കാൻ ഉത്തരവുണ്ടായിരുന്നു. ഇതിൽ വാമിക റിസോർട്ട് മാത്രമാണ് അന്ന് പൊളിച്ചു നീക്കിയത്.ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷൻ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് വിധിച്ചിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമിച്ച നാല് ഫ്ലാറ്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിപുലമായ തയാറെടുപ്പുകളോടെ സംസ്ഥാന സർക്കാർ പൊളിച്ചു കളയാൻ ഒരുങ്ങുകയാണ്.
ഇതിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോർട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങുന്നത്. വേമ്പനാട് കായൽ അതീവ പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ കടുത്ത നിയമ ലംഘനമാണെന്ന് സംസ്ഥാന സർക്കാരും നേരത്തെ നിലപാടെടുത്തിരുന്നു.