gnn24x7

നിത്യ വഴുതന എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല, നിങ്ങളറിയാത്ത പലതും ഉണ്ട് ഇതില്‍!

0
306
gnn24x7

ദിവസവും കറിക്കുള്ള കായ്കള്‍ ലഭിക്കുമെന്നതിനാലാണ് ഈ പച്ചക്കറിയ്ക്ക് നിത്യ വഴുതന എന്ന് പേര് വന്നത്. ഏത് കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഈ ചെടി നട്ടു പിടിപ്പിച്ചാല്‍ കാലങ്ങളോളം കായ്കനികള്‍ തരുന്ന ഒന്ന് കൂടിയാണ് നിത്യ വഴുതന. ഈ ചെടിയില്‍ വൈകിട്ട് വിരിയുന്ന പൂവിന് വയലറ്റോ വെള്ളയോ നിറമായിരിക്കും. പൂവ് വിടര്‍ന്ന് നില്‍ക്കുന്ന കാഴ്ച തന്നെ അതി മനോഹരമാണ്. അത് കൊണ്ട് നിത്യ വഴുതന ഒരു അലങ്കാര ചെടിയായും വളര്‍ത്താവുന്നതാണ്.
പൂര്‍ണ്ണമായും ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി ആയത് കൊണ്ട് തന്നെ വളരെ പോഷക സമൃദ്ധമായ ഒന്ന് കൂടിയാണ് ഇത്.

സാധാരണ ഗതിയില്‍ യാതൊരു വിധ കീടങ്ങളോ രോഗങ്ങളോ ഈ ചെടിയെ ബാധിക്കാറില്ല. അത് കൊണ്ട് തന്നെ ഇത് കൃഷി ചെയ്യാനും വളരെ എളുപ്പമാണ്. ജൈവ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ട് തന്നെ നിരവധി പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. എന്തൊക്കെയാണ് ഇതിന്റെ പോഷക ഗുണങ്ങളെന്ന് നമുക്ക് നോക്കാം.
നിത്യ വഴുതനയില്‍ ധാരാളം നാരുകള്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, തയാമീന്‍, വിറ്റാമിന്‍ സി, സള്‍ഫര്‍, അയണ്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വലിയ പരിചരണം ഇല്ലാതെ വളരുന്ന ഈ ചെടിയില്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ പല ഘടങ്ങളും ലഭിക്കുന്നു.

ഗ്രാമ്പു പോലെയാണ് ഇതിന്റെ കായ. പക്ഷെ വലിപ്പം കൂടുതലാണ്, എന്നാല്‍ രുചി വഴുതനയുടേയും. കൂടുതലും നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇത് കഴിക്കുന്നത് വയറിന് നല്ലതാണ്. ഡയറ്റീഷ്യന്മാരും ന്യൂട്രീഷ്യന്മാരും ഫിറ്റനസ് വിദഗ്ദരും എന്നുവേണ്ട ഡേക്ടര്‍മാര്‍ വരെ നാരുകളടങ്ങിയ ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതു കൊണ്ട് ഒരുപാട് ഉപയോഗങ്ങള്‍ ഉണ്ട്.

ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥയെ നിലനിര്‍ത്തി കുടലിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ നാരുകളടങ്ങിയ ഭക്ഷണം സഹായിക്കുന്നു.

നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

നാരുകളടങ്ങിയ ഭക്ഷണത്തില്‍ ഗൈസമിക് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നു.

മലബന്ധം തടയുന്നതിനെ സഹായിക്കുന്നു.

നിത്യ വഴുതന എങ്ങനെ നടാം എന്നു നോക്കാം…

നല്ല സൂര്യപ്രകാശമുള്ള ചരല്‍ കലര്‍ന്ന മണ്ണാണ് നിത്യ വഴുതനയ്ക്ക് പറ്റിയത്. ഒന്നരടി ആഴത്തിലു വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് മൂടിയ ശേഷം വിത്തുകളോ തൈകളോ നടാവുന്നതാണ്. ഒരു തടത്തില്‍ പരമാവധി രണ്ടു തൈകളാണ് നടേണ്ടത്. ജൈവ രീതിയിലുള്ള വളങ്ങളും ജൈവ കൂട്ടുകളും ചേര്‍ത്തു കൊടുക്കാം. വള്ളികള്‍ പടരാന്‍ നേരത്ത് പന്തല്‍ ഇട്ടു കൊടുക്കണം. ഒരിക്കല്‍ നട്ടു കഴിഞ്ഞാല്‍ ചെടിയുടെ വിത്ത് മണ്ണില്‍ കിടന്ന് വീണ്ടും തനിയെ വളര്‍ന്നു വരും. മട്ടുപ്പാവിലും ഗ്രോ ബാഗിലും ഇത് വളര്‍ത്താവുന്നതാണ്.

നിത്യ വഴുതനയുടെ നല്ല വിത്ത് സംഘടിപ്പിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. സാധാരണ പച്ചക്കറി വിത്തുകള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇതിന്റെ വിത്ത് കിട്ടാന്‍ സാധ്യത കുറവാണ്. നിത്യ വഴുതന കൃഷി ചെയ്യുന്നവരുടെ അടുക്കല്‍ നിന്നും കാര്‍ഷിക സര്‍വ്വകലാശാലകളുടെ വിവിധ ക്യാമ്പസുകളില്‍ നിന്നും വിത്തുകള്‍ ലഭിക്കും. ഒന്നോ രണ്ടോ കായ്കള്‍ ചെടിയില്‍ നിറുത്തി ഉണക്കിയാല്‍ ലഭിക്കുന്ന വിത്ത് അടുത്ത കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്.

എപ്പോള്‍ വിളവെടുക്കാം…

ചെടി നട്ടു കഴിഞ്ഞാല്‍ അത് വളര്‍ന്നു വരാന്‍ 40 ദിവസമാണ് വേണ്ടത്. ഇതിന്റെ തണ്ടിന് സാധാരണ വള്ളികളെക്കാള്‍ വലിപ്പം കുറവാണ്. മരത്തിലോ ചുള്ളിക്കമ്പിലോ ഒക്കെ പടര്‍ന്ന് കയറും. ന്നായി പരിപാലിച്ചാലല്‍ 40 ദിവസത്തിനകം തന്നെ ഇത് പൂവിട്ടു തുടങ്ങും. പൂക്കള്‍ കായ്കളാകാന്‍ 4 ദിവസമെടുക്കും. ആദ്യനാള്‍ നൂല്‍പ്പരുവത്തിലായിരിക്കും. രണ്ടാം നാള്‍ തിരിപ്പരുവത്തിലും മൂന്നാം നാള്‍ കാന്താരി പരുവത്തിലും നാലാം നാള്‍ കരിപ്പരുവത്തിലും എന്നാണ് പൊതുവെ കര്‍ഷകര്‍ക്കിടയിലെ ചൊല്ല്. അഞ്ചാം നാള്‍ കായ പഴുത്ത് തുടങ്ങും. പഴുത്താല്‍ കറിക്ക് കൊള്ളില്ല. നാരായി പോകും. നല്ല വളര്‍ച്ചയുള്ള ചെടിയില്‍ നിന്നും ദിവസേന കാല്‍ കിലോ വരെ കായ ലഭിക്കും.

നിത്യ വഴുതന വിഭവങ്ങള്‍: നിത്യ വഴുതന കൊണ്ടുള്ള വിഭവങ്ങള്‍ ഏതതൊക്കെയാണെന്ന് പരിചയപ്പെടാം. തോരന്‍, തീയല്‍, ബിരിയാണി, മെഴുക്കു പുരട്ടി തുടങ്ങിയ വിഭവങ്ങള്‍ നിത്യ വഴുതന ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

അറിഞ്ഞിരിക്കേണ്ട കാര്യം: മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ത്തി വെള്ളത്തില്‍ ഇടുക. കായ്ക്കുള്ളിലെ റെസിന്‍ എന്ന പശ പോകാന്‍ ഇത് നല്ലതാണ്. ഈ ദ്രാവകമടങ്ങിയ വെള്ളം ജൈവ കീടനാശിനി കൂടിയാണ്. അല്‍പം പരിശ്രമിച്ചാല്‍ നിത്യവും ഒരു കറിക്കുള്ള വക നിത്യ വഴുതന തരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here