gnn24x7

ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കാൻ നിർദ്ദേശം

0
246
gnn24x7

തൃശ്ശൂർ: ചാലക്കുടി പുഴയുടെ തീരങ്ങളിൽ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജൻ. രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻ പോരുംമാറിത്താമസിക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി പുഴയിൽ അടുത്ത മണിക്കൂറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാറും അറിയിച്ചു. പറമ്പികുളത്തും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും വിചാരിക്കാത്ത അതിശക്തമായമഴയാണ് ലഭിക്കുന്നത്. പറമ്പികുളത്തും തമിഴ്നാട് ഷോളയാറിലും ജലനിരപ്പ് വല്ലാതെ കൂടുന്നുണ്ട്.

പറമ്പിക്കുളത്തുനിന്ന് ജലം പുറന്തള്ളുന്നതിന് പുറമേ, പെരിങ്ങൽക്കുത്തിന്റെ താഴേയ്ക്കുള്ള ഭാഗത്ത് നല്ല മഴയും പെയ്യുന്നുണ്ട്. ഇത് രണ്ടുംകൂടിയാകുമ്പോൾ ചാലക്കുടി പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. 2018-ലെയും 2019-ലേയും പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളിലെ ആളുകളും അധികൃതരുടെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി മാറാൻ തയ്യാറാകണമെന്ന് കലക്ടറുടെ നിർദേശം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here