gnn24x7

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
147
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ടും മറ്റെല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതോടെ കാലവര്‍ഷക്കാറ്റ് ശക്തമാകും. കേരളാ തീരത്ത് 55 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. കാലവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോൾ സംസ്ഥാനത്ത് ഇതിനോടകം, ശരാശരിക്കും മുകളിലാണ് മഴ ലഭിച്ചത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ താഴന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതകളുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ട് വേണ്ട മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതരോടും പൊതുജനങ്ങളോടും അതോറിറ്റി നിര്‍ദേശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here