gnn24x7

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കില്ലെന്നറിയിച്ച് ഹൈക്കോടതി

0
202
gnn24x7

കൊച്ചി: സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെ മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസില്‍ കുരുക്ക് മുറുകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കില്ലെന്നും വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങിയതിനെതിരെയാണ് ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

നാളെ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ തനിക്കെതിരായ അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ജേക്കബ് തോമസ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

ഭൂമിയുടെ ആധാരമടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. വിജിലന്‍സ് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വി ജിലന്‍സ് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്റെ ഹരജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡി.ജി.പിയും വിജിലന്‍സ് ഡയരക്ടറുമായിരുന്ന ജേക്കബ്ബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിനാണ് അനുമതി നല്‍കിയത്.

ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

സര്‍വീസിലിരിക്കേ സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജേക്കബ്ബ് തോമസിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന് പേരില്‍ പുസ്തകം എഴുതിയതും ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രണ്ട് വര്‍ഷത്തോളമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചെടുത്തത്. സേനക്ക് പുറത്ത് മെറ്റല്‍ ആന്റ് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ ആയിട്ടായിരുന്നു നിയമനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here