തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. നൗഫൽ ഷായെ പിടികൂടിയത് ചാന്നാങ്കരയിലെ ഭാര്യ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
യുവതിയെ ബലമായി മദ്യം കുടിപ്പിച്ചശേഷം നാലു വയസുള്ള മകന്റെ മുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവ് ഉൾപ്പെടെ 6 പ്രതികളെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഒളിവിലായിരുന്ന നൗഫൽ ഓട്ടോ ഡ്രൈവറാണ്.
ഭർത്താവ്, സുഹൃത്തുക്കളായ ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) എന്നിവരും വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവരെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ശേഷമാണ് സബ് ജയിലിലേക്ക് അയച്ചത്. മൻസൂർ, അക്ബർഷാ, അർഷാദ് എന്നിവർക്കെതിരെ പീഡനത്തിനു പുറമേ പോക്സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാൽ ഇവരെയും മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
വ്യാഴാഴ്ചയാണ് ഭർത്താവ് ഭാര്യയെ രണ്ടു മക്കൾക്കൊപ്പം വെട്ടുതുറ സ്വദേശി രാജന്റെ വീട്ടിലെത്തിച്ചത്. ഇവിടെ വച്ച് ഭാര്യയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഭർത്താവിന്റെ സുഹൃത്തുക്കൾ യുവതിയെ പീഡിപ്പിച്ചത്. യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭർത്താവ് ഓടിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.







































