കേരളാ ബജറ്റിന്‍റെ അവതരണം കഴിഞ്ഞപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ബജറ്റിലെ വിഷയങ്ങള്‍ അല്ല മറിച്ച് ബജറ്റിന്‍റെ കവര്‍ ഫോട്ടോയാണ്.
ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് കവര്‍ ചിത്രമാക്കിയത് മഹാത്മാഗാന്ധിയേയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് ഈ ചിത്രം.
ഗാന്ധി വധവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വെടിയേറ്റു വീണുകിടക്കുന്ന ഗാന്ധിയുടെ ചിത്രം ബജറ്റിന്‍റെ കവറാക്കിയിരിക്കുന്നത്.
മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്ന് ബിജെപി എംപി അനന്ത് കുമാര്‍ ഹെഡ്‌ഗെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു.
മാത്രമല്ല ഗാന്ധിജി അടക്കമുള്ള നേതാക്കള്‍ക്ക് ഒരിക്കല്‍ പോലും പൊലീസിന്‍റെ തല്ല് കിട്ടിയിട്ടില്ലയെന്നും അതൊരു യഥാര്‍ത്ഥ പോരാട്ടമല്ലായിരുന്നെന്നും അപ്പോള്‍ അവരെ എങ്ങനെയാണ് ‘മഹാത്മാ’ എന്ന് വിശേഷിപ്പിക്കുകയെന്നുമായിരുന്നു അനന്ത് കുമാര്‍ ഹെഡ്‌ഗെ ചോദിച്ചത്.
ഇതിനെല്ലാത്തിനും ഉപരിയായി ഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന് വിശദീകരിക്കാനാവശ്യപ്പെട്ട് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ ചോദ്യപേപ്പറില്‍ ചോദ്യം വന്നതും വിവാദമായിരുന്നു.
മഹാത്മാ ഗാന്ധിയെ ആര്‍എസ്എസുകാരനായ നാഥൂറാം വിനായക ഗോഡ്‌സെ വെടിവെച്ചു കൊന്നതാണെന്ന പൊതു സത്യത്തെ മറച്ചുവെക്കാനായിരുന്നു ഇത്തരത്തിലൊരു ചോദ്യം വന്നതെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികം ആചരിക്കുന്ന ഈ വേളയിലാണ് ഗാന്ധിക്കെതിരെയുള്ള പ്രചരണങ്ങള്‍ ശക്തമാകുന്നതെന്നത് ശ്രദ്ധേയമാണ്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാഹുൽ ഗാന്ധി ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഈ ചിത്രം നിരവധിപേര്‍ പങ്കുവെച്ചിരുന്നു.
194 പേജുള്ള മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന്‍റെ കവര്‍ ചിത്രമായി ചേര്‍ത്ത ഈ ചിത്രം വരച്ചത് മലയാളിയായ ടോം വട്ടക്കുഴിയാണ്. ഇതാറിയാവുന്നവര്‍ വളരെ കുറവാണ്. മൂവാറ്റുപുഴ സ്വദേശിയായ ടോം വട്ടക്കുഴിയുടെ ‘Death of Gandhi’ (ഗാന്ധിയുടെ മരണം) എന്ന പെയിന്റിംഗ് ആണിത്.
ബജറ്റ് കവറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരാണ് ഗാന്ധിയെ കൊന്നതെന്ന് ഞങ്ങള്‍ ഒരിക്കലും മറക്കില്ലയെന്ന സന്ദേശം ഓര്‍മ്മിക്കാനാണ് ഈ ഫോട്ടോ കവര്‍ ചിത്രമാക്കിയതെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.