തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെ താമസിച്ചിരുന്ന സ്‌ഥലത്തു പരിശോധന. തലസ്‌ഥാനത്ത് പാറ്റൂരില്‍ അറ്റാഷെ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് ഇന്നലെ കസ്‌റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അറ്റാഷെയുടെ ഫ്‌ളാറ്റില്‍ എത്തിയിരുന്നോ എന്നാണ് അവിടെ എത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചത്.
എന്‍.ഐ.എ. പരിശോധന ഒന്നര മണിക്കൂര്‍ നീണ്ടു. സന്ദര്‍ശക രജിസ്‌റ്റര്‍ അടക്കമുള്ള രേഖകള്‍ പരിശോധിച്ചു. സന്ദര്‍ശക രജിസ്റ്ററില്‍ വിശദവിവരങ്ങളൊന്നുമില്ലാത്തത് അന്വേഷണസംഘത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. എന്‍.ഐ.എ. ഫ്‌ളാറ്റില്‍ നിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇദ്ദേഹം സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിലെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തലസ്‌ഥാനത്തെ നക്ഷത്ര ഹോട്ടലില്‍ റാഷീദ് ഖാമീസ് അല്‍ അഷ്‌മിയ നടത്തിയ ഡി.ജെ. പാര്‍ട്ടിയില്‍ സ്വപ്‌നയും സരിത്തും സംബന്ധിച്ചതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇദ്ദേഹം ഉള്‍പ്പെടെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്‌ഥരായ നാലു യു.എ.ഇ. പൗരന്മാരും ഇവിടെയാണു താമസിച്ചത്.അറ്റാഷെയുടെ പേരിലായിരുന്നു കള്ളക്കടത്തു സ്വര്‍ണമടങ്ങിയ ബാഗ് എത്തിയത്. അത് തുറന്ന് പരിശോധിക്കുന്നതില്‍ കടുത്ത എതിര്‍പ്പും സമ്മര്‍ദ്ദവും അറ്റാഷെയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അറ്റാഷെ ഇന്ത്യ വിട്ടിരുന്നു. മൊഴി രേഖപ്പെടുത്താന്‍ എന്‍.ഐ.എ തീരുമാനിച്ചിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്കു മടങ്ങിയത്.
അന്വേഷണം നീളുന്നത് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് തന്നെ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ മാനേജര്‍ ഹാലിദിനെ എന്‍.ഐ.എ. ചോദ്യംചെയ്തു. ഇയാളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത് സ്വര്‍ണക്കടത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക്. കോണ്‍സുലേറ്റിന്റെ ചുമതലക്കാരെല്ലാം സംശയനിഴലിലാണെങ്കിലും ഇവര്‍ ഇതിനോടകം രാജ്യംവിട്ടു. അന്വേഷണത്തിന് ഇവരുടെ സാന്നിധ്യം അനിവാര്യമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നത്.