gnn24x7

പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്

0
180
gnn24x7

തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്. നിലവിൽ തോക്ക് ലൈസൻസുളവർക്കും അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ ഉത്തരവും പുറത്തിറങ്ങി.

നിലവിൽ സംസ്ഥാനത്ത് പൊലീസ് അംഗങ്ങൾക്ക് മാത്രമാണ് ആയുധപരിശീലനം ലഭിക്കുന്നത്. പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂർ പൊലീസ് അക്കാദമിയിലുമാണ് ആയുധ പരിശീലനം നൽകി വരുന്നത്.1000 മുതൽ 5000 രൂപ വരെയാണ് പരിശീലന ഫീസായി പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത്.ആയുധങ്ങളെക്കുറിച്ച് മനസിലാക്കാനും പരിചയപ്പെടാനും 1000 രൂപ ഫീസടച്ചാൽ മതിയാകും. അതേസമയം, ഫയറിംഗ് പരിശീലനം പോലെയുള്ള കാര്യങ്ങൾക്ക് ഫീസ് കൂടും.

വിവിധ ബറ്റാലിയനുകളിൽ വച്ചായിരിക്കും പരിശീലനം നൽകുക.സംസ്ഥാനത്ത് പലയിടങ്ങളിലും റൈഫിൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്ന് ഫയറിംഗ് പരിശീലനം നേടാമെങ്കിലും ബുളറ്റ് ഉപയോഗിക്കാൻ കഴിയില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ലൈസൻസുളവർക്ക് പോലും എങ്ങനെ ആയുധം ഉപയോഗിക്കണം എന്ന കാര്യത്തിൽ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഇതിന് പരിഹാരം വേണമെന്നും കാണിച്ച് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.

പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് ഡിജിപി ഉത്തരവിറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, ആധാർ രേഖകൾ, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയാൽ മാത്രമേ ആയുധ പരിശീലനം ലഭിക്കുകയുള്ളുവെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here