ഇന്ന് കര്‍ക്കിടക വാവ്… കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവായി ആഘോഷിക്കുന്നത്. പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോറോണ വ്യാപകമായി പടരുന്ന ഈ സാഹചര്യത്തിൽ കർക്കടക വാവു ദിനത്തിൽ ക്ഷേത്രങ്ങളിലും പുണ്യ തീർത്ഥ കേന്ദ്രങ്ങളിലും ബലിതർപ്പണം സാധ്യമല്ലാതെ വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വന്തം വീട്ടുമുറ്റത്ത് തന്നെ ബലിയിടേണ്ടി വരും.
ബലികർമ്മം എവിടെയൊക്കെ ഇടാം എന്ന ചോദ്യത്തിന് പഴമക്കാർ നൽകിയിരുന്ന മറുപടി ഇല്ലം, വല്ലം, നെല്ലി എന്നായിരുന്നല്ലോ. ഇല്ലം എന്നാൽ സ്വന്തം വീട്. വല്ലം എന്നാൽ തിരുവല്ലം നെല്ലി എന്നാൽ തിരുനെല്ലി (വയനാട് ജില്ലയിലെ തിരുനെല്ലി).
കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
തലേദിവസം വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.
വ്രതം എടുക്കുന്നത് വാവിന്‍റെ തലേ ദിവസത്തിലാണ്. വീട്ടില്‍ നിന്നും മത്സ്യ-മാംസങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. തലേന്ന് രാവിലെ മുതലാണ് വ്രതം ആരംഭിക്കുന്നത്.പിതൃക്കള്‍ക്ക് ബലിയിടുന്നവരാണ് വ്രതം എടുക്കുന്നത്. ഇവര്‍ വ്രതം തെറ്റിച്ചാല്‍ പിതൃക്കള്‍ ബലി എടുക്കില്ല എന്നാണ് പറയുന്നത്. ഇവരുടെ ആത്മാവിന് ശാന്തി കിട്ടില്ലെന്നും പ്രായമായവര്‍ പറയാറുണ്ട്.
ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പുകയാണ് അടുത്ത ചടങ്ങ്. വിളക്ക് കത്തിച്ച് വെച്ച് ഉണ്ടാക്കിയ ഭക്ഷണം ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
ഇതുപോലെ ബലി ഇടൽ വീടുകളിൽ മാത്രമായി ഒതുങ്ങിയ വർഷമാണ് 2018. അന്ന് കേരളത്തെ പ്രളയം വിഴുങ്ങിയിരുന്നു എന്നുതന്നെ പറയാം. അമ്പലങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയ വർഷമായിരുന്നല്ലോ 2018.








































