gnn24x7

കൊല്ലത്ത് രാജ്യദ്രോഹകുറ്റം ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഗവ. ഡോക്ടർക്ക് സസ്പെൻഷൻ

0
226
gnn24x7

കൊല്ലം: രാജ്യദ്രോഹക്കുറ്റവും ചട്ടലംഘനവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന കൊല്ലം ഗവ. വിക്ടോറിയ ഗവണ്‍മെന്റ് ഡോക്ടര്‍ സൈജു ഹമീദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈജു ഹമീദിനെതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൊതുപരിപാടിയുടെ ബാനറില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ച് രാജ്യദ്രോഹക്കുറ്റം ചെയ്‌തെന്നുമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് സസ്‌പെന്‍ഷന്‍.

സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിക്കെതിരെ പരിഹാസ്യമായ മെസ്സേജുകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ‘നാളത്തെ കേരളം ലഹരി വിമുക്ത കേരളം’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ച ‘ധര്‍മ്മചക്ര ഗ്രീന്‍ ക്രസന്റ് ഇന്ത്യ’ എന്ന സംഘടനയുടെ പേര് പ്രദര്‍ശിപ്പിച്ചത് മേലധികാരികളുടെ അനുമതി വാങ്ങാതെയാണെന്ന ആരോപണവും ഇദ്ദേഹത്തിന് എതിരെയുണ്ട്.

ഇദ്ദേഹത്തിനെതിരായ പരാതികള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വിശദീകരണം ചോദിച്ചപ്പോള്‍ ലാഘവത്തോടെയാണ് മറുപടി നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പൊതുപരിപാടിയില്‍ ദേശീയപതാകയെ അപമാനിച്ചിട്ടില്ലെന്ന് ഡോ. സൈജു ഹമീദ് മാതൃഭൂമിയോട് പ്രതികരിച്ചു. പ്ലാസ്റ്റിക്കിനുപകരം തുണിസഞ്ചികള്‍ പ്രചരിപ്പിച്ച് സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ച അനാരോഗ്യത്തില്‍നിന്ന് സ്വാതന്ത്ര്യം എന്ന കാമ്പെയിനിലാണ് ബാനറില്‍ ദേശീയപതാക അച്ചടിച്ചിരുന്നത്. പതാക ചിത്രീകരിച്ചതില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് ആ ഭാഗം തുണിസഞ്ചികൊണ്ട് മറച്ചിരുന്നു. ആര്‍ദ്രം മിഷനില്‍ എന്‍.ജി.ഒ.കളുടെ സഹകരണം അനുവദിച്ചിട്ടുള്ളതിനാലാണ് പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിദേശയാത്രകള്‍ അംഗീകൃത സംഘടനകളുടെ ക്ഷണപ്രകാരമാണ് നടത്തിയിട്ടുള്ളത്. മൂന്നുതവണയും വളരെമുന്‍പുതന്നെ മേലധികാരികളെ അറിയിച്ചിരുന്നു. ആരും അനുമതി നിഷേധിച്ചിട്ടില്ല.

ചില ഡോക്ടര്‍മാരുടെ കൃത്യവിലോപത്തിനെതിരേ നടപടി ആരംഭിച്ചതാണ് തന്റെ സ്ഥലംമാറ്റത്തിനും സസ്‌പെന്‍ഷനും അടിസ്ഥാനമെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഡോ. സൈജു ഹമീദ് അറിയിച്ചു.

മതിയായ യോഗ്യതയില്ലാത്ത ക്ലീനിംഗ് സ്റ്റാഫിനെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയി നിയമിച്ചു, അടുപ്പക്കാര്‍ക്കായി പുതിയ തസ്തിക നിര്‍മ്മിച്ച് നിയമനം നടത്തി, ഫാര്‍മസിസ്റ്റ് തസ്തികയില്‍ സ്ഥിരം ജീവനക്കാരെ നിയോഗിക്കാതെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കി, അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുള്‍പ്പടെയുള്ള നിരവധി കുറ്റങ്ങളും സൈജു ഹമീദിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കൃഷ്ണവേണിക്ക് സൂപ്രണ്ടിന്റെ താല്‍ക്കാലിക ചുമതല നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here