കാസർകോട്: തെരുവുനായ്ക്കളിൽ നിന്ന് മദ്രസ വിദ്യാർഥികളെ രക്ഷിക്കാൻ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തതിനാണ് ബേക്കൽ ഹദ്ദാദ് നഗറിലെ ‘ടൈഗർ സമീർ’ എന്ന സമീറിനെതിരേ ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. കൈയിൽ എയർഗണ്ണുമായി സമീർ വിദ്യാർഥികൾക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
നാട്ടിലെ പത്തിലധികം കുട്ടികൾക്ക് മുന്നിൽ സമീർ തോക്കുമായി നടക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. കുട്ടികളെ നായ ഓടിച്ചാൽ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
നായയുടെ ശല്യം കാരണം കുട്ടികളൊന്നും മദ്രസയിൽ പോയില്ല. കുട്ടിയെ മദ്രസയിൽ കൊണ്ടുവിടണം. അപ്പോളാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് പറഞ്ഞത്. കുട്ടികളൊക്കെ അപ്പോൾ അങ്ങനെ ആവേശത്തോടെ എന്റെ കൂടെവന്നു, അവരെ മദ്രസയിൽ കൊണ്ടുവിട്ടു. എന്റെ മകനാണ് വീഡിയോ പകർത്തി, നാട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പിലിട്ടത്,വൈറലാവുകയായിരുന്നു’ -സമീർ പറഞ്ഞു. വീഡിയോ വൈറലായതോടെ പലരും ഫോണിൽ വിളിച്ചെന്നും ഇതുകാരണം അധികൃതർകണ്ണുതുറക്കുമെന്നും ചെയ്തത് നല്ലകാര്യമാണെന്ന് പറഞ്ഞതായും സമീർ പ്രതികരിച്ചു.







































