gnn24x7

പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപയും; മേരിയുടെ നന്മയ്ക്ക് ആദരമായി ഫലകവും ഒരു ലക്ഷം രൂപയും

0
161
gnn24x7

തിരുവനന്തപുരം: കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ആളുകള്‍ക്കായി പൊതിച്ചോറ് നല്‍കുമ്പോള്‍ അതിനുള്ളില്‍ 100 രൂപയും. കൊച്ചി കുമ്പളങ്ങി സ്വദേശിയായ മേരി സെബാസ്റ്റ്യനാണ് പാവങ്ങള്‍ക്ക് നല്‍കുന്ന പൊതിച്ചോറിനുള്ളില്‍ 100 രൂപ കൂടി വച്ചുനല്‍കിയത്.

മേരിയുടെ ഈ നന്മയ്ക്ക് ആദരമര്‍പ്പിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് IBS എന്ന ഐടി കമ്പനി. പ്രശംസാ ഫലകവും ഒരു ലക്ഷം രൂപയും നല്‍കിയാണ്‌ IBS മേരിയെ ആദരിച്ചത്. മേരിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സോഫ്റ്റ്‌വെയര്‍ പ്രതിനിധികള്‍ ഫലകവും പണവും കൈമാറിയത്.

മേരി കാഴ്ചവയ്ക്കുന്നത് നിസ്വാര്‍ത്ഥമായ സേവനമാണെന്ന് IBS എക്സിക്യുട്ടീവ്‌ ചെയര്‍മാന്‍ വികെ മാത്യൂസ് പറഞ്ഞു. കുമ്പളങ്ങിയിലെ കേറ്ററിംഗ് ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു മേരി. ബോട്ടിന്റെ അറ്റകുറ്റപണിജോലികള്‍ ചെയ്തു വരികയായിരുന്നു ഭര്‍ത്താവ്. എന്നാല്‍, ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിച്ചതോടെ ഇരുവര്‍ക്കും ജോലി നഷ്ടമായി.

ഓഗസ്റ്റില്‍ ചെല്ലാനത്ത് മഴക്കെടുതിയും കടലാക്രമണവും കൂടെ രൂക്ഷമായതോടെ പാവപ്പെട്ടവര്‍ക്ക് പൊതിച്ചോറ് നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മേരിയും പങ്കാളിയായി. പൊതിച്ചോറിനുള്ളില്‍ 100 രൂപ കൂടി വച്ചാണ് മേരി പൊതി കെട്ടുന്നത്.

മേരി അതാരോടും പറഞ്ഞതുമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മേരിയാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്തിയത്. മഴയത്ത് ആര്‍ക്കെങ്കിലും കട്ടന്‍ ചായയിട്ട് കുടിക്കാനെങ്കിലും അത് ഉപകരിക്കുമല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്നാണ് മേരി പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here