കണ്ണൂർ: യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിനിടയിലും മട്ടന്നൂർ കോട്ട എൽഡിഎഫ് നിലനിർത്തി. കഴിഞ്ഞ 25 വർഷമായി തുടരുന്ന എൽഡിഎഫ് ഭരണം മട്ടന്നൂർ നഗരസഭയിൽ മാറ്റമില്ലാതെ തുടരും. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഫ് 21 സീറ്റുകൾ പിടിച്ചാണ് അധികാരം നിലനിർത്തിയത്. യുഡിഎഫിന് 14 സീറ്റുകളിൽ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകൾ നേടാനായിരുന്നു.
നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വർഷം പിന്നിടുമ്പോഴാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂർ മാറ്റിനിർത്തുന്നത്.