തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആലപ്പുഴ എൻഐവിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എൻഐവി പൂനയിൽ നിന്നും ടെസ്റ്റ് കിറ്റുകൾ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ എൻഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്ത വൈറൽ രോഗമായതിനാൽ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച് മൂന്നോ നാലോ ദിവസത്തിനകം പരിശോധനയ്ക്കുളള സംവിധാനം ഒരുക്കാനായത് വലിയ നേട്ടമാണ്. ഇതിലൂടെ എൻഐവി പൂനയിലേക്ക് സാമ്പിളുകൾ അയയ്ക്കുന്നത് മൂലമുള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 28 ലാബുകളിൽ ആർടിപിസിആർ പരിശോധനാ സൗകര്യമുണ്ട്. കേസുകൾ കൂടുകയാണെങ്കിൽ കൂടുതൽ ലാബുകളിൽ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതിനുള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ആർടിപിസിആർപരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയിൽ നിന്നുള്ള സ്രവം, ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകളിൽ നിന്നുള്ല സ്രവം, മൂത്രം, രക്തം തുടങ്ങിയസാമ്പിളുകൾ കോൾഡ് ചെയിൻ സംവിധാനത്തോടെയാണ് ലാബിൽ അയയ്ക്കുന്നത്. ആർടിപിസിആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡിഎൻഎ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. മങ്കിപോക്സിന് രണ്ട് പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്സ് ഗ്രൂപ്പിൽപ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ല ആർടിപിസിആർ പരിശോധനയാണ്. അതിലൂടെ പോക്സ് ഗ്രൂപ്പിൽപ്പെട്ട വൈറസുണ്ടെങ്കിൽ അറിയാൻ സാധിക്കും. ആദ്യപരിശോധനയിൽ പോസിറ്റീവായാൽ തുടർന്ന് മങ്കിപോക്സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും.