ഒറ്റപ്പാലം: സിനിമാനിർമാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ താരദമ്പതിമാർക്കെതിരേ കേസ്. നടൻ ബാബുരാജിനും, ഭാര്യ വാണിവിശ്വനാഥിനും എതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തൃശ്ശൂർ തിരുവില്വാമല കാട്ടുകുളം സ്വദേശി റിയാസിന്റെ പരാതിയിലാണ് നടപടി.
കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നൽകിയില്ലെന്നും 2017 മുതൽ പരിചയക്കാരായ ഇവർക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നൽകി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. തൃശ്ശൂരിലും എറണാകുളത്തുമാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്.
പണം തിരികെലഭിക്കാതായതോടെ റിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണംനടത്തി പരാതി ഒറ്റപ്പാലം പോലീസിന് കൈമാറി. ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയാണ് ഇടപാടുകൾ നടത്തിയതെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒറ്റപ്പാലം കോടതിയിലെത്തിയത്. ഇരുവർക്കുമെതിരേ വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുളള പരാതി വ്യാജമാണെന്ന് നടൻ ബാബുരാജ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ തനിക്ക് അറിയാമെന്നും കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. എന്ത് തന്നെ വന്നാലും തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുമെന്നു ബാബുരാജ് കൂട്ടിച്ചേർത്തു.







































