gnn24x7

മുത്തൂറ്റ് എംഡിയുടെ കാറിനുനേരെ കല്ലേറ്; ജോര്‍ജ്ജ് അലക്സാണ്ടറിന് പരിക്കേറ്റു

0
237
gnn24x7

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടറിന്‍റെ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ എംഡിയ്ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9:30 നായിരുന്നു സംഭവം നടന്നത്. മുത്തൂറ്റിന്‍റെ പ്രധാന ഓഫീസായ ബാനര്‍ജി റോഡിലെ ഓഫീസിലേയ്ക്ക് വരുമ്പോഴാണ് വാഹനത്തിനു നേരെ കല്ലേറുണ്ടായത്. പരിക്കേറ്റ എംഡിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനത്തിന്‍റെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു കൂടാതെ എംഡിയുടെ തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഈ അക്രമം എന്ന് കരുതുന്നു. 43 ശാഖകളില്‍ നിന്നും 166 ജീവനക്കാരെയാണ് ഒറ്റയടിക്ക് കമ്പനി പിരിച്ചുവിട്ടത്. ഇവരില്‍ യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെയുള്ളവരുണ്ട്. തുടര്‍ന്ന് ബുധനാഴ്ച മുതല്‍ സിഐടിയുവിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം നടത്തിവരുകയായിരുന്നു.

ഇതിനിടെയാണ് കല്ലേറ് നടന്നത്.കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിനു പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു.കേരളത്തില്‍ ഇപ്പോള്‍ തന്നെ 800 ജീവനക്കാര്‍ അധികമാണെന്നും ബിസിനസ് കുറഞ്ഞതോടെയാണ് 43 ബ്രാഞ്ചുകള്‍ പൂട്ടാനും 166 പേരെ പിരിച്ചുവിടാനും തീരുമാനിച്ചതെന്നും മാനേജ്മെന്‍റ് നേരത്തെ അറിയിച്ചിരുന്നു.

മാത്രമല്ല സമരം ചെയ്യുന്നവര്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞിരുന്നു. അതേസമയം മാനേജ്മെന്റിന്‍റെത് നേരത്തെ സമരം ചെയ്തതിലുള്ള പകപോക്കല്‍ നടപടിയാണെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. മാത്രമല്ല യൂണിയൻ സെക്രട്ടറി ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.പിരിച്ചുവിടല്‍ പിന്‍വലിക്കുന്നതുവരെ ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്ന് സിഐടിയു പറഞ്ഞിരുന്നു.

ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്‌മെന്റ് ലംഘിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ആരോപിച്ചു. മുത്തൂറ്റിന്‍റെ മാനേജ്മെന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള വേതനം ജീവനക്കാര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു സിഐടിയു ആഗസ്റ്റ് 20 മുതല്‍ സമരം നടത്തിയിരുന്നത് എന്നാല്‍ ഹൈക്കോടതി നിരീക്ഷകന്‍റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ശമ്പള വര്‍ധന നടപ്പാക്കും എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ പത്തിന് സമരം അവസാനിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ശനിയാഴ്ച ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ഇമെയില്‍ വഴി നല്‍കിയത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here