gnn24x7

വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10%; നിർദേശം തള്ളി പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി

0
251
gnn24x7

കുവൈത്ത് സിറ്റി: വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് ശമ്പളത്തിന്റെ 10% എന്ന് നിജപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിന്റെ ആരോഗ്യ- തൊഴിൽ സമിതി തള്ളി. ആദ്യം വലീദ് അൽ തബ്‌തബാ‌ഇയും പിന്നീട് മുഹമ്മദ് അൽ ഹയാഫും സമർപ്പിച്ച നിർദേശമാണു സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നത്. നിലവിൽ വിദേശികൾ പ്രതിവർഷം 50 ദിനാർ ആണ് ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി നൽകുന്നത്. അത് 130 ദിനാർ ആയി വർധിപ്പിക്കാൻ ആലോചനയിലുണ്ട്.

തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ ശമ്പളത്തിന്റെ 10 ശതമാനമായി ഫീസ് നിജപ്പെടുത്തിയാൽ കുറഞ്ഞ ശമ്പളക്കാരായ വിദേശികൾക്ക് ആശ്വാസമാകുമെന്നായിരുന്നു എം‌പിമാരുടെ നിലപാട്. അതേസമയം പൊതുമേഖലയിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി കർശനമായി നടപ്പാക്കണമെന്ന് പാർലമെന്റിന്റെ മാനവശേഷി സമിതി പ്രതിനിധി ഉസാമ അൽ ശഹീൻ ആവശ്യപ്പെട്ടു. രാജ്യത്തു താമസാനുമതി നൽകുന്ന വിദേശികൾക്ക് രാജ്യം അടിസ്ഥാനപ്പെടുത്തി ക്വോട്ട നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഒരു രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.

മറ്റ് രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം അത്രയും ആകാനിരിക്കുകയുമാണ്. വിദേശികളുടെ ക്വോട്ട സംവിധാനം സംബന്ധിച്ച് ആലോചനയുണ്ടെങ്കിലും പ്രഖ്യാപനം വൈകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുന്നത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ, സുപ്രീം പ്ലാനിങ് കൗൺസിൽ, മാൻപവർ അതോറിറ്റി തുടങ്ങിയ സംവിധാനങ്ങൾ ഗൗരവമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here