gnn24x7

തെങ്ങുകയറാന്‍ ഇനി കൂടുതല്‍ എളുപ്പം : പുതിയ ഉപകരണം കര്‍ണ്ണാടക്കാരന്‍ കണ്ടുപിടിച്ചു

0
338
gnn24x7

തെങ്ങില്‍ കയറാന്‍ എന്നും ഒരു പ്രതിസന്ധിയായിരുന്നു. പഴയ തെങ്ങുകയറ്റക്കാര്‍ കാലില്‍ വട്ടത്തിലുള്ള വളയമിട്ട് (തളപ്പ്) ഇട്ട് തെങ്ങില്‍ ചാടിച്ചാടി കയറിയാണ് പതിവ്. എന്നാല്‍ പിന്നീട് തെങ്ങില്‍ കയറാന്‍ കമ്പികള്‍ ഉപയോഗിച്ച് പുതിയ തെങ്ങുകയറ്റ മെഷീന്‍ വന്നതോടെ സ്ത്രീകള്‍ വരെ തെങ്ങില്‍ കയറി തേങ്ങയിടാന്‍ ആരംഭിച്ചു. ഇപ്പോഴിതാ കര്‍ണ്ണാടക ഷിമോഗ സ്വദേശി ഷെര്‍വിന്‍ മേബന്‍ എഞ്ചിന്‍ ഘടിപ്പിച്ച തെങ്ങുകയറ്റ മെഷീന്‍ കണ്ടുപിടിച്ചു.

ഇനി തേങ്ങയിടാന്‍ ആരേയും കാത്തു നില്‍ക്കേണ്ട. ഈ മെഷീന്‍ ഉണ്ടെങ്കില്‍ കൊച്ചുകുട്ടിക്ക് വരെ വളരെ അനായാസേന തെങ്ങില്‍ കയറി തേങ്ങയിടാം. തെങ്ങിനോട് ചേര്‍ത്തു വച്ച് ഘടിപ്പിച്ച് സീറ്റില്‍ കയറി ഇരുന്നാല്‍ മാത്രം മതി. ഒരു സുരക്ഷാ ജാക്കറ്റും അണിയണം. യന്ത്രത്തില്‍ കയറി ആക്‌സിലേറ്റര്‍ ഒന്ന് അമര്‍ത്തിയാല്‍ മതി ‘ശര്‍ര്‍ര്‍’ എന്നു പറഞ്ഞ് ഉപകരണം ഇരുന്ന വ്യക്തിയെയും കൊണ്ട് മുകളിലെത്തും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനായാസേന ഉപയോഗിക്കാവുന്ന ഈ തെങ്ങുകയറ്റ മെഷീനില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 തെങ്ങുകള്‍ വരെ കയറാം. 90 കിലോഗ്രാം വരെ ഭാരമുള്ളവര്‍ക്ക് മുകളില്‍ കയറി തേങ്ങയിടാം. ഉപകരണത്തിനാണെങ്കില്‍ വെറും 45 കിലോഗ്രാം മാത്രമെ ഭാരമുള്ളൂ. 30 അടി വരെ ഉയരമുള്ള തെങ്ങിലേക്ക് കയറാന്‍ വെറും 25 സെക്കന്റ് സമയം മാത്രം മതി. തിരിച്ച് ഇറങ്ങാന്‍ എഞ്ചിന്‍ ഓണ്‍ ചെയ്യണമെന്നില്ല. ഓഫ് ചെയ്ത് ഇറങ്ങിയാല്‍ വീണ്ടും ഇന്ധനം ലാഭിക്കാം. ഒന്നേകാല്‍ ലക്ഷം മതിപ്പു വിലയുള്ള ഈ ഉപകരണം കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുമെന്ന് കമ്പനി വെളിപ്പെടുത്തി.

(വീഡിയോ/ചിത്രം: മനോരമ ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here