ന്യൂദല്‍ഹി: അല്‍ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി. ഇന്ന് പുലര്‍ച്ചെയാണ് തീവ്രവാദഗ്രൂപ്പുകളുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ പിടികൂടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നടത്തിയ റെയിഡില്‍ ഒന്‍പത് പേരെയാണ് പിടികൂടി. ഇവരില്‍ ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. മൂന്ന് പേരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നെന്നും ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്നും എന്‍.ഐ.എ വ്യക്തമാക്കി.
പശ്ചിമ ബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണ ഏജന്‍സി പറയുന്നു.
സെപ്തംബര്‍ 17ന് തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെന്നും കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നെന്നും എന്‍.ഐ.എ അറിയിച്ചു.
പിടികൂടിയവരെ എന്‍.ഐ.എയുടെ ദല്‍ഹി യൂണിറ്റിന് കൈമാറിയേക്കും. മൂന്ന് പേരെ കേരളത്തില്‍ നിന്ന് പിടികൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം അടക്കമുള്ള കേന്ദ്രങ്ങളിലും അന്വേഷണം നടക്കാന്‍ സാധ്യതയുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു.
പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് എന്‍.ഐ.എ നല്‍കുന്ന വിവരം.







































