gnn24x7

പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍; ഓരോ വിമാനത്തിലും 200 പേര്‍

0
189
gnn24x7

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി ആദ്യ ദിനം കേരളത്തിലേക്കെത്തുന്നത് നാല് വിമാനങ്ങള്‍.

അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും ദുബായില്‍ നിന്നും കോഴിക്കോടേക്കും റിയാദില്‍ നിന്ന് കോഴിക്കോടേക്കും ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുമാണ് മെയ് ഏഴിന് വിമാനം എത്തുക.

ഓരോ വിമാനത്തിലും 200 ആളുകളാണ് ഉണ്ടാകുക. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ തന്നെ വിമാനത്തിന്റെ പൂര്‍ണ കപ്പാസിറ്റിയില്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കില്ല.

രണ്ടാം ദിവസം മനാമയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തും. മൂന്നാം ദിവസം കുവൈറ്റില്‍ നിന്നും മസ്‌ക്കറ്റില്‍ നിന്നും വിമാനം കൊച്ചിയിലെത്തും. നാലാം ദിവസം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും.

അഞ്ചാം ദിവസം ദമാമില്‍ നിന്ന് കൊച്ചിയിലേക്കും മനാമയില്‍ നിന്ന് കോഴിക്കോടേക്കും ദുബായില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങള്‍ എത്തിച്ചേരുക.

ആറാമത്തെ ദിവസം ക്വലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്കും ഏഴാം ദിവസം കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനം പുറപ്പെടും. ഇതിനിടെ ജിദ്ദയില്‍ നിന്ന് ദല്‍ഹിയിലേക്ക് മറ്റൊരു വിമാനവും എത്തും.

ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സര്‍വീസ് നടത്തും. ഒമ്പത് നഗരങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക.

ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയില്‍ 84 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയില്‍ വിമാന മാര്‍ഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ദല്‍ഹിയിലേക്കും 11 വിമാനങ്ങള്‍ വീതമാണ് ഉണ്ടാവുക.

അമേരിക്കയിലേക്കും ആദ്യ ഘട്ടത്തില്‍ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതിനായി ആറ് വിമാനങ്ങള്‍ അമേരിക്കയിലേക്ക് അയക്കും.

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ നിന്നും ഇന്ത്യക്കാര്‍ നാട്ടിലെത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളില്‍ നിന്നാണ് വിമാനമാര്‍ഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here