പാലക്കാട്: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ (93) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ എറണാകുളത്തെ ആർഎസ്എസ് ആസ്ഥാനത്തു പൊതു ദർശനത്തിനു വെക്കുന്ന മൃതദേഹം വൈകിട്ട് 6 ന് ജന്മനാടായ ആലപ്പുഴ മുഹമ്മയിൽ സംസ്കരിക്കും.
ചേർത്തല മുഹമ്മ താമരശ്ശേരിൽ ഇല്ലത്ത് 1927 ലായിരുന്നു ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും നേടി.. ചെറുപ്പം മുതൽ ആർഎസ്എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം 1950 മുതൽ മുഴുവൻ സമയ സംഘടനാ പ്രവർത്തകനായി.
1957 ൽ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറിയായി. തുടർന്ന് ആൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചു. പിന്നീട് കക്ഷി രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയ പരമേശ്വരൻ ആര്‍എസ്എസ് പ്രചാരകനായി തുടരുകയായിരുന്നു.
പത്മശ്രീ, പത്മവിഭൂഷൺ അടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആര്‍ഷസംസ്‌കാര പരമശ്രേഷ്ഠ പുരസ്‌കാരം അമൃതകീര്‍ത്തി പുരസ്‌കാരമുള്‍പ്പെടെയുള്ള ബഹുമതികളും ലഭിച്ചിട്ടുണ്ട്.