gnn24x7

അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി

0
260
gnn24x7

കൊച്ചി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീവിരുദ്ധ പരാമാര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളെജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എറണാകുളം പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ ജനുവരി 30 നാണ് അരുന്ധതി റോയിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നാണ് പരാതി. കോളെജില്‍ ഗാന്ധി സ്മൃതി ദിനത്തിനോട് അനുബന്ധിച്ച് കെ.എസ്.യു സംഘടിപ്പിച്ച ‘ഗാന്ധിയും സമകാലിക ഇന്ത്യയും’ എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയാണ് അരുന്ധതിക്കെതിരെ അഡ്വ. ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

തന്റെ പ്രസംഗത്തിലുടനീളം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് അഡ്വ.ജയശങ്കര്‍ നടത്തുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതും ആധുനിക സമൂഹത്തിനു നിരക്കാത്തതുമായ പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഗാന്ധിയുടെ ജാതി സങ്കല്‍പ്പത്തിനെ കുറിച്ച് സദസില്‍ നിന്ന് ചോദ്യം ഉയരുകയും എന്നാല്‍ എവിടെയെങ്കിലും കേട്ട കാര്യങ്ങള്‍ എടുത്തു വിലയിരുത്തുന്നതു ശരിയല്ലെന്ന് അഡ്വ ജയശങ്കര്‍ മറുപടി പറയുകയായിരുന്നു.

എന്നാല്‍ അരുന്ധതിയുടെ ‘ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന കൃതിയില്‍ ഇത് ഉന്നയിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയതോടെയായിരുന്നു എഴുത്തുകാരിക്കെതിരെ അഡ്വ.ജയശങ്കര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അരുന്ധതി റോയ് രാത്രി എട്ടുമണിയായാല്‍ വെള്ളമടിച്ച് ബോധം പോകുന്ന സ്ത്രീയാണെന്നും കടുത്ത മദ്യപാനിയാണെന്നുമായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതോടെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘാടകരും ജയശങ്കറിന്റെ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ചു.

പിന്നാലെയാണ് ലോ കോളെജ് എസ്.എഫ്.ഐ യൂണിറ്റ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം അഡ്വ.ജയശങ്കറിനെ ബഹിഷ്‌ക്കരിക്കുമെന്ന് കെ.എസ്.യുവും വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here