തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രണത്തിലെ പ്രതിയെ പിടിക്കാൻ പൊലീസിന്റെ പുതിയ നീക്കം. പ്രതി എത്തിയ സ്കൂട്ടർ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം. ഇതിനായി തലസ്ഥാനത്തുള ഡിയോ ഉടമകളുടെ ലിസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചുകഴിഞ്ഞു.
സിഡാക്കിലെ പരിശോധനയിലും സിസിടിവി ദൃശ്യങ്ങളിലും അക്രമി വന്ന വാഹനം ഡിയോ സ്കൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് വാഹന കേന്ദ്രീകരിച്ചുള അന്വേഷണം.ഇൻസ്പെക്ടർമാരും, എസ്ഐമാരും ഉൾപ്പെടുന്ന 15 അംഗം സംഘത്തെ സ്കൂട്ടർ ഉടമകളെ കണ്ടെത്താൻ വേണ്ടി മാത്രമായി നിയോഗിച്ചിരിക്കുകയാണ്.
അക്രമം നടന്ന ദിവസങ്ങളേറെ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ലാതെ കുഴയുകയാണ് പൊലീസ്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനനമ്പർ ഉൾപ്പടെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ആയിരത്തിലേറെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
 
                






