കോഴിക്കോട്: കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതിന് ജനവാസകേന്ദ്രത്തില്‍ നിന്നുള്ള 100 മീറ്റര്‍ ദൂരപരിധി 50 മീറ്ററാക്കി ചുരുക്കിയ ഇടതുസര്‍ക്കാറിന്റെ പരിഷ്‌ക്കരണത്തിന് കനത്ത തിരിച്ചടിയായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പുതിയ വിധി. ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധിയാക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയിരക്കണക്കിന് കരിങ്കല്‍ ക്വാറികൾ അടച്ചുപൂട്ടൽ നേരിടേണ്ടിവരും. കേരളത്തിനാണ് കൂടുതല്‍ തിരിച്ചടിയാവുക. പുതിയ ക്വാറികള്‍ക്കാണോ നിലവിലുള്ളവയ്ക്കാണോ വിധി ബാധകമാവുകയെന്ന കാര്യത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡില്‍ ആശയക്കുഴപ്പമുണ്ട്. അതേസമയം ക്വാറി ഉടമകളുടെ സംഘടന സ്റ്റേ സമ്പാദിക്കാന്‍ അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
ജനവാസകേന്ദ്രത്തില്‍ നിന്ന് 50-ും 100-ും മീറ്റര്‍ ദൂരപരിധിയില്‍ നിരവധി ക്വാറികളുണ്ട്. ശബ്ദവും വായുമലിനീകരണവും പാരിസ്ഥിതിക ആഘാതവും പൊതുജനാരോഗ്യവും കണക്കിലെടുത്ത് 200 മീറ്റര്‍ ദൂരപരിധിയില്‍ കുറഞ്ഞ് ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് പി. വാങ്ക്ഡി, ഡോ: നാഗിന്‍ നന്ദ എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. പാലക്കാട് സ്വദേശിയായ എം. ഹരിദാസന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ വിധി.
വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്കാണ് 200 മീറ്റര്‍ ദൂരപരിധി നിര്‍ബന്ധമാക്കിയത്. കേരളത്തിലുള്‍പ്പെടെ ബഹുഭൂരിഭാഗം കരിങ്കല്‍ ക്വാറികളിലും പാറപൊട്ടിക്കുന്നത് വെടിമരുന്ന് ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ട്രൈബ്യൂണല്‍ വിധി ക്വാറികള്‍ക്ക് കനത്ത തിരിച്ചടിയാവും. അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്ററാണ് ദൂരപരിധി.







































