gnn24x7

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
292
gnn24x7

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിന് സഹായിച്ചത് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയും ഐടി ഫെലോയുമാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. തൻറെ ഓഫീസിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. കഴിവുകെട്ട വ്യക്തിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ഈ സര്‍ക്കാരിന് ഒരുകാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കാനാകുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ഐടി സെക്രട്ടറിയും ഐടി ഫെലോയും ചേര്‍ന്ന് കള്ളക്കടത്തിന് ഒത്താശചെയ്തെന്ന വിവരമാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സന്ദര്‍ഭമാണ് വന്നിരിക്കുന്നത്. നാല് വര്‍ഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെക്കുറിച്ചും രണ്ടു വര്‍ഷമായി ഐടി ഫെലോ ആയിരുന്ന വ്യക്തിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സര്‍ക്കാരിന് ഒരിക്കലും പ്രതിച്ഛായയുണ്ടായിരുന്നില്ല. പിആര്‍ വര്‍ക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രതിച്ഛായയുണ്ടാകേണ്ടത്. അങ്ങനെയൊന്നും കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. പിന്നെങ്ങനെ ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജാണ് നടക്കുന്നത്. മൂന്ന് കെപിഎംജി, പിഡബ്ല്യു സി, ഏണസ്റ്റ് ആന്‍ഡ് യങ് എന്നിങ്ങനെയുള്ള ബഹുരാഷ്ട്ര കമ്പനികളെയാണ് കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തിയത്.  പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിന് ടെന്‍ഡര്‍ പോലുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്‍കി. ഇക്കാര്യം പ്രതിപക്ഷം അത് ചൂണ്ടിക്കാട്ടിയിട്ടും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാന്‍ തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു കണ്‍സള്‍ട്ടന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here