gnn24x7

സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ

0
407
gnn24x7

തിരുവനന്തപുരം: സ്കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ. തിരുവനന്തപുരത്താണ് സംഭവം. ഒന്നാം ക്ലാസിലേക്ക് മകന് അഡ്മിഷന്‍ എടുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശി നസീമിനും ഭാര്യ ധന്യക്കുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കഴിഞ്ഞ 19 നാണ് ഇവർ പട്ടം സെന്റ് മേരീസ് സ്കൂളിൾ കുട്ടിക്ക് അഡ്മിഷനായി സമീപിക്കുന്നത്.

അഡ്മിഷന് മുന്നോടിയായി നടത്തിയ പരീക്ഷ ഇവരുടെ മകൻ വിജയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഫോം പൂരിപ്പിച്ച ശേഷം പ്രധാന അധ്യാപികന്റെ മുന്നിലെത്തിയപ്പോഴാണ് അധികൃതർ തടസം ഉന്നയിച്ചത്. മതം കോളം പൂരിപ്പിക്കാതെ അഡ്മിഷൻ നൽകാൻ ആകില്ലെന്നായിരുന്നു സ്കൂൾ അധികൃതർ എടുത്ത നിലപാട്.

മിശ്രവിവാഹിതരായ മാതാപിതാക്കളിൽ ഒരാളുടെ മതം എഴുതി നൽകാനായിരുന്നു അധികൃതരുടെ ആവശ്യം. മതത്തിന്റെ കോളം പൂരിപ്പിക്കാതിരുന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ് വയറിൽ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം.  തുടർന്ന് കുട്ടിയുടെ പിതാവ് നസീം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, മതം പൂരിപ്പിച്ചില്ലെങ്കിലും അഡ്മിഷന് തടസമുണ്ടാകില്ലെന്ന് അറിയിച്ചു. ഇതോടെ വീണ്ടും പ്രധാന അധ്യാപകനെ കണ്ട് ഇക്കാര്യം അറിയിച്ചു.

എന്നാൽ വെള്ളപേപ്പറിൽ എഴുതി മാതാപിതാക്കൾ ഒപ്പിട്ട് നൽകിയാൽ മാത്രമേ അഡ്മിഷൻ നൽകു എന്ന വാശിയിലായിരുന്നു സ്കൂൾ മാനേജ്മെന്റ്. കുട്ടി വളർന്ന ശേഷം സ്കൂളിനെതിരെ ആരോപണം ഉന്നയിക്കാതിരിക്കാനാണ് പേപ്പറിൽ ആവശ്യപ്പെട്ടതെന്നായിരുന്നു സ്കൂൾ അധികാരികളുടെ ന്യായീകരണം. എന്നാൽ അതിനും രക്ഷിതാക്കൾ തയ്യാറായില്ല. ഇതോടെ അഡ്മിഷൻ നിഷേധിക്കുകയായിരിന്നെന്നാണ് നസീമിന്റെയും, ധന്യയുടെയും ആരോപണം.എന്നാൽ സംഭവം വിവാദമായതോടെ കുട്ടിയ്ക്ക് അഡ്മിഷൻ നൽകാൻ തയ്യാറാണെന്ന് മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് സ്കൂൾ മാനേജ്മെന്റ് അനൗദ്യോഗികമായി അറിയിച്ചു. എന്നാൽ ഇനി മകനെ സെന്റ്മേരീസ് സ്കൂളിൽ പഠിപ്പിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതികരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here