gnn24x7

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി ഇന്ന്‌

0
252
gnn24x7

ന്യൂഡല്‍ഹി :  നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച സുപ്രധാനവിധി സുപ്രീംകോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. തിരുവനന്തപുരം സബ്‌കോടതിയിൽ ആരംഭിച്ച കേസ്‌ സുപ്രീംകോടതിവരെ നീളുകയായിരുന്നു. ക്ഷേത്ര നിലവറകളിലുള്ള സ്വത്ത്‌ പുറത്തേക്കുപോകാൻ സാധ്യതയുള്ളതിനാൽ,  രാജകുടുംബം നിലവറകൾ തുറക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ കേസാണ്‌ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്‌. ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പറയുക.

അന്തിമവാദം പൂർത്തിയായി ഒരുവർഷത്തിനുശേഷമാണ്‌ വിധി.ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കൾ സംഭരിച്ച ആറു നിലവറ തുറക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കോട്ടയ്‌ക്കകം സ്വദേശി പദ്മനാഭനാണ്‌ ആദ്യം കേസ്‌ നൽകിയത്‌.  കേസ്‌ ഹൈക്കോടതിയിലെത്തിയപ്പോൾ നിലവറകളിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്തണമെന്നും രാജകുടുംബത്തിനുകൂടി പങ്കാളിത്തമുള്ള ട്രസ്റ്റ്‌ രൂപീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനെതിരെയാണ്‌ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്‌. നിലവറയിലെ അമൂല്യവസ്തുക്കൾ തിട്ടപ്പെടുത്താൻ സുപ്രീംകോടതി വിദഗ്ധസമിതിയെ നിയമിച്ചു.  ക്ഷേത്രകാര്യങ്ങൾ പരിശോധിക്കാൻ അമിക്കസ്‌ ക്യൂറിയായ സുപ്രീംകോടതി അഭിഭാഷകൻ ഗോപാൽ സുബ്രമണ്യത്തെയും നിയോഗിച്ചു.

സാമ്പത്തിക തിരിമറികൾ അന്വേഷിക്കുന്നതിന്‌ മുൻ സിഎജി വിനോദ്‌ റായിയെയും ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്‌ജി ചെയർമാനായ അഞ്ചംഗ ഭരണസമിതിയെയും നിയോഗിച്ചിരുന്നു.ക്ഷേത്രത്തിലെ ബി നിലവറയുടെ കാര്യവും സുപ്രീംകോടതി തിങ്കളാഴ്ചത്തെ വിധിയിൽ പരിഗണിക്കും. ബി നിലവറയായ ഭരതക്കോൺ തുറന്ന്‌ തിട്ടപ്പെടുത്താൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.  രാജകുടുംബം എതിർത്തതിനാൽ പിന്നീട്‌ വിഷയം വിദഗ്ധസമിതി പരിഗണിക്കട്ടെയെന്ന്‌ സുപ്രീംകോടതി നിർദേശിച്ചു. ഈ സമയത്ത്‌ എ നിലവറയായ പണ്ടാരവകയും മറ്റ്‌ നാല്‌ നിലവറയും വിദഗ്ധസമിതി തുറന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. എന്നിട്ടും ബി നിലവറ തുറന്നില്ല. ഇതോടൊപ്പം എ നിലവറയിലുള്ള അമൂല്യവസ്തുക്കൾ എന്ത്‌ ചെയ്യണമെന്നും ഉത്തരവിൽ കോടതി പരാമർശിക്കും.

ക്ഷേത്ര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഒഴിച്ച്‌ എ, ബി നിലവറകളിലെ വസ്തുക്കൾ മ്യൂസിയമാക്കി പ്രദർശിപ്പിക്കണമെന്ന്‌ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്‌ രാജകുടുംബവും അനുകൂലിച്ചിട്ടുണ്ട്‌.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here