എന്റെ കേരളം മെഗാ പ്രദർശന വിപണന മേളക്ക് നാളെ തുടക്കം.
തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് നടക്കും.വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കമാകും.മെയ് 27 മുതൽ ജൂൺ രണ്ട് വരെ കനകക്കുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് നിശാഗന്ധിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.
സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ , വിപണന സ്റ്റാളുകൾ,സേവന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന കലാപരിപാടികൾ എന്നിവയാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച സ്റ്റാളുകളിൽ ഒരുങ്ങുന്ന മേളയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന നൂറോളം എക്സിബിഷൻ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകർഷണം. ജില്ലയിലെ ചെറുകിട സംരഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ കഴിയുന്ന നൂറ്റമ്പതോളം വിപണന സ്റ്റാളുകളും സർക്കാർ സേവനങ്ങൾ സൗജന്യമായും വേഗത്തിലും ലഭ്യമാക്കുന്ന പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളും മേളയിലുണ്ടാകും.
കുടുംബശ്രീ, പട്ടിക വർഗ വകുപ്പ്, ജയിൽ വകുപ്പ്, മിൽമ, ഫിഷറീസ് വകുപ്പ്,കെ ടി ഡി സി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയവർ ഒരുക്കുന്ന അതിവിപുലമായ ഫുഡ്കോർട്ടാണ് മറ്റൊരു ആകർഷണം. ഗോപി സുന്ദർ ഉൾപ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും മെഗാ മേളയ്ക്ക് കൊഴുപ്പേകും. മേളയുടെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശാഗന്ധിയിൽ യുവാക്കളുടെ ഹരമായ ഊരാളി ബാന്ഡ് പാട്ടും പറച്ചിലുമായി എത്തും.







































