gnn24x7

ട്രംപിന്റെ വരവോടുകൂടി ഇന്ത്യ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

0
204
gnn24x7

കൊല്ലം: നാം ചേരിചേരാനയത്തിലൂടെ, ലോകജനതയ്ക്കുമുന്നില്‍ അന്തസ്സോടെ തലയുയര്‍ത്തിനിന്ന രാജ്യമായിരുന്ന ഇന്ത്യ ട്രംപിന്റെ വരവോടുകൂടി അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഇത്രയും ഒറ്റപ്പെട്ട ഒരുകാലം വേറെ ഉണ്ടായിട്ടില്ല.

ഇന്ത്യക്ക് കരിദിനമാണിത്-ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ലോകജനതയുടെ മുന്നില്‍ ഒറ്റപ്പെട്ട രണ്ടുപേരാണ് ട്രംപും മോദിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടേതെന്ന നിലയില്‍ ഒരു പഴയ ന്യായാധിപന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആര് പറഞ്ഞതാണ് അങ്ങ് കേട്ടത്. അങ്ങയുടെ മനസ്സിലെ വികലമായ ധാരണയാണോ, അത് മുഖ്യമന്ത്രിയുടെ നാക്കില്‍ വയ്ക്കാനുള്ള ശ്രമം ആണോ. സെന്‍സസ് മാത്രമേ നടക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് എല്ലാക്കാലത്തും നടക്കുന്നതാണ്. സെന്‍സസിന്റെ ഭാഗമായി സാധാരണ നടക്കുന്ന കാര്യം മാത്രമേ നടക്കൂ. ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്ന പ്രശ്‌നമേ ഇല്ല. ആര്‍ക്കുവേണ്ടിയാണ് ഈ ന്യായാധിപന്‍ പിന്നെ ഇങ്ങനെ പറയുന്നത്. ജമാ അത്തെ ഇസ്ലാമിക്കുവേണ്ടിയാണ്.

ആര്‍.എസ്.എസ്. അപ്പുറം എന്താണ് ചെയ്യുന്നത്, അത് ഇപ്പുറം ചെയ്യുന്നവരാണ് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും. അവരെ ഞങ്ങള്‍ കൂട്ടുകയില്ല. ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന ധാരണയൊന്നും വേണ്ട-മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ.രാഗേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, മന്ത്രിമാരായ എം.എം.മണി, മേഴ്‌സിക്കുട്ടിയമ്മ, എ.സി.മൊയ്തീന്‍, അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, പ്രസിഡന്റ് അശോക് ധാവ്ളെ, പി.കെ.ഗുരുദാസന്‍, എസ്.സുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here