gnn24x7

എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

0
366
gnn24x7

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്നും ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മരിക്കുന്നതിന്റെ തലേ ദിവസം ജൂണ്‍ 23ാം തിയതി സ്വന്തം ഡയറിയില്‍ എഴുതിയ കുറിപ്പ് നിങ്ങള്‍ കണ്ടുകാണില്ലെന്നും ആ ഡയറി കുറിപ്പില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അവന്‍ നിരപരാധിയാണ്. ഒരു കുറ്റവും ചെയ്തിട്ടില്ല. ചെങ്ങന്നൂരില്‍ നടത്തുന്ന മൈക്രോ ഫൈനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ അവനെ പ്രതിയാകുമെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നും ഭയപ്പെട്ടിരുന്നു.

23 ാംതിയതി എഴുതിയ കുറിപ്പ് അവസാനിക്കുന്നത് നിങ്ങള്‍ക്കാര്‍ക്കും എന്നെ കിട്ടില്ല. ഞാന്‍ വിടപറയുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. മൈക്രോ ഫിനാന്‍സിന്റെ കോഡിനേറ്ററാണ് അദ്ദേഹം. സാമ്പത്തിക ക്രമേക്കേട് ഉണ്ടായിട്ടില്ലെങ്കില്‍ അതില്‍ അദ്ദേഹത്തിന് പങ്കില്ല.

ക്ലാസെടുക്കാനുള്ള ആളെ വിട്ടുകൊടുക്കുക എന്നതില്‍ കവിഞ്ഞ് മഹേശന് പുലബന്ധമില്ല. അദ്ദേഹം എന്നെ വിളിച്ചിരുന്നു. എന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്തുകളയും എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, നിന്നെ അറസ്റ്റ് ചെയ്യില്ല. നീ പണം മോഷ്ടിച്ചിട്ടില്ല. നിനക്ക് റോളില്ല, പ്രയാസപ്പെടരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം വലിയ ഭയത്തിലായിരുന്നു. വെള്ളാപ്പള്ളി പറഞ്ഞു.

അവന്റെ സമനില തെറ്റിച്ചതിന് കാരണമുണ്ട്. സി.ബി.ഐ അന്വേഷണം മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടതുണ്ട്. ഇന്ന് മഹേശനെ പൊക്കിപ്പറയുന്ന ആള് മഹേശനെ നശിപ്പിച്ചു. ചേര്‍ത്തല യൂണിയന്റെ അഡ്മിനിസ്‌ട്രേറ്ററായിട്ട് ആറ് വര്‍ഷം ഭരണം നടത്തി. വളരെ മികച്ച രീതിയില്‍.

ഭരണ സമിതിയില്‍ കയറിക്കൂടാന്‍ ശ്രമിച്ച ചിലര്‍ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നപ്പോള്‍ മഹേശനെ തേജോവധം ചെയ്തു. സ്‌കൂള്‍ നിയമനവുമായി ബന്ധപ്പെട്ട് മഹേശന്‍ കോടികള്‍ അടിച്ചുമാറ്റി എന്ന് പ്രചരിപ്പിച്ചു.

അതിന്റെ മനോവേദന എത്രയോ നാളായി കൊണ്ടുനടന്നു. ഇതിനിടെയാണ് മൈക്രോഫിനാന്‍സ് പ്രശ്‌നം വന്നത്. ഒരു അഞ്ചു പൈസ അദ്ദേഹം എടുത്തിട്ടില്ല. സുരേന്ദ്രന്‍ എന്നയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ആറ് മാസത്തിനുള്ളില്‍ പണം അടച്ചോളാം എന്ന് അദ്ദേഹം എഴുതി വരെ കൊടുത്തു.

എന്നാല്‍ യൂണിയന്‍ ഇദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. ഇദ്ദേഹത്തെ പീഡിപ്പിച്ചു. അദ്ദേഹം എന്നെ കാണാന്‍ വരാതെയായി. ഫോണ്‍ ചെയ്യാറായിരുന്നു. വിഷമിക്കേണ്ടെന്ന് പല തവണ പറഞ്ഞിരുന്നു.

ചെങ്ങന്നൂരിലേയും മാവേലിക്കരയിലേയും അന്വേഷണം വന്നപ്പോള്‍ ഇവന്‍ ആകെ വിഷമത്തിലായി. മുന്‍പുള്ള ദിവസവും ഞാന്‍ വിളിച്ചു. തുഷാറുമായി മരിച്ച ദിവസം 10 മണിക്ക് കാണാമെന്ന് പറഞ്ഞതാണ്.

മഹേശനെ പൊക്കിയുയര്‍ത്തിക്കൊണ്ട് വന്നത് ഞാനാണ്. എന്റെ വലം കൈയായിരുന്നു അവന്‍. കളിച്ചുകുളങ്ങരയിലെ കാര്യങ്ങള്‍ എല്ലാം അദ്ദേഹമാണ് നോക്കുന്നത്. യോഗനാഥത്തിന്റെ എഡിറ്റോറിയല്‍ വരെ എഴുതാന്‍ സഹായിക്കുന്നത് അദ്ദേഹമാണ്.

എന്റെ ശക്തിയും മെയ്യും മനസുമായിരുന്നു അദ്ദേഹം. അവനെ കള്ളനും കൊള്ളരുതാത്തവനുമാക്കിയതിന്റെ മനോവിഷമാണ് ഇതിന് പ്രേരിപ്പിച്ചത്. ആരാണ് കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം നടത്തട്ടെ. നിരപരാധികളായ ആ കുടുംബം അവര്‍ എന്റെ കുടുംബവുമായി ആത്മബന്ധമുള്ളവരാണ്. മഹേശനെ ഇപ്പോള്‍ പുണ്യവാളനാക്കുന്നവരാണ് അവനെ നശിപ്പിച്ചത്. സ്വാഭാവ ഹത്യ നടത്തി പീഡനം നടത്തി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. അവരെ കണ്ടെത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here