gnn24x7

ഡീപ്ഫേക്കുകൾ തടയാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
81
gnn24x7

ഡൽഹി: ഡീപ്ഫേക്കുകൾക്കെതിരെ സാമൂഹ്യമാധ്യമ പ്ളാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. മറ്റൊരാളടെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് വെറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയോ മറ്റു സോഫ്റ്റ്വെയറുകളുടെയോ സഹായത്തോടെ നിര്‍മിക്കുന്നതാണ് ഡീപ് ഫേക്ക്. ഡീപ്ഫേക്കുകൾ തടയാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ടെന്നും പരാതി കിട്ടിയാൽ 36 മണിക്കൂറിനുള്ളിൽ നീക്കണമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരയായവർക്ക് നിയമനടപടി സ്വീകരിക്കാൻ അവകാശമുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. തെറ്റായ വിവരങ്ങളും ഡീപ്ഫേക്കുകളും ഉയർത്തുന്ന പ്രധാന വെല്ലുവിളികൾ കണക്കിലെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു തവണ സാമൂഹിക മാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡീപ് ഫേക്കുകളുടെ വ്യാപനത്തിനെതിരെ നിര്‍ണായക നടപടി കൈക്കൊള്ളാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

ഡീപ്ഫേക്കുകൾ  നിയമലംഘനവും  സ്ത്രീകൾക്ക് പ്രത്യേകിച്ചും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. എല്ലാ പൗരന്മാരുടെയും  സുരക്ഷയുടെയും വിശ്വാസത്തിന്റെയും ഉത്തരവാദിത്തം സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും  അത്തരം ഉള്ളടക്കം ലക്ഷ്യമിടുന്ന നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കാര്യത്തിൽ സർക്കാർ സമീപനം കൂടുതൽ ഗൗരവമുള്ളതുമായിരിക്കുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമം 2021 പ്രകാരം ഏതെങ്കിലും ഉപയോക്താവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കു നിയമപരമായ ബാധ്യതയുണ്ട്.  ഒരു ഉപയോക്താവിൽ നിന്നോ ബന്ധപ്പെട്ട സർക്കാർ അധികാരികളിൽ നിന്നോ  റിപ്പോർട്ട് ലഭിച്ചാൽ 36 മണിക്കൂറിനുള്ളിൽ അത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ അവർ നിർബന്ധമായും ബാധ്യസ്‌ഥരാണ്.

പ്രസ്തുത  ബാധ്യത പാലിക്കുന്നതിൽ പ്ലാറ്റ് ഫോമുകൾ  പരാജയപ്പെടുന്ന പക്ഷം  ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (ഐപിസി) റൂൾ 7 വ്യവസ്ഥകൾ പ്രകാരം കോടതി നടപടികളിലേക്ക് നീങ്ങാൻ ഇരയാക്കപ്പെട്ട വ്യക്തികൾക്ക് അവകാശമുണ്ട്. അതിനാൽ, ഇത്തരം ഭീഷണികൾ  ചെറുക്കുന്നതിന് പ്ലാറ്റ്‌ഫോമുകൾ സജീവമായ നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. ഡീപ്‌ഫേക്കുകളിൽ ഇരയാക്കപ്പെടുന്നവർ  എത്രയും വേഗം തങ്ങളുടെ  അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ടുകൾ (എഫ്‌ഐ‌ആർ) ഫയൽ  ചെയ്യണമെന്നും  ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമങ്ങൾ, 2021 പ്രകാരം നൽകിയിരിക്കുന്ന പരിഹാരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും  മന്ത്രി രാജീവ് ചന്ദ്രശേഖര്‍ കൂട്ടിചേര്‍ത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7