gnn24x7

ദുരൂഹതകളോടെ ഇന്ത്യയിൽ സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തനം; പ്രവാസികൾ സൂക്ഷിക്കുക!… നിങ്ങളും പിടിക്കപ്പെട്ടേയ്ക്കാം

0
674
gnn24x7

കോഴിക്കോട്: നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യാൻ സഹായിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടി. ഒന്നരക്കോടി രൂപ വില വരുന്ന ഉപകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. രാജ്യാന്തര ഫോൺ കോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിലുള്ളപ്പോൾ പോലും ഇത്തരം സമാന്തര സർവീസുകളുടെ ഉപയോഗം സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദപ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ടെന്നാണ് ചില അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ഐഎസ്ഡി നിരക്കുകളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തു ജോലി ചെയ്യുന്ന തുച്ഛ വരുമാനക്കാർ പണ്ടു നാട്ടിലേക്ക് വിളിച്ചിരുന്നത് സമാന്തര എക്സ്ചേഞ്ചുകൾ വഴിയായിരുന്നു. കുഴൽഫോൺ എന്നും ഹുണ്ടിഫോൺ എന്നും വിളിപ്പേരുള്ള ഇത്തരം കേന്ദ്രങ്ങൾ പൊലീസ് പിടികൂടുന്നത് അക്കാലത്ത് നിത്യ സംഭവമായിരുന്നു.

വിദേശത്തുനിന്നു വരുന്ന കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ച് മുഖേന ചെയ്യുന്നത്. അതിവേഗ ഇന്റർനെറ്റ് പ്ലാനുകൾ ഉപയോഗിച്ചാണ് ഇതു ചെയ്യുക. ഫോൺ വിളി രേഖകൾ ഉണ്ടാവില്ലെന്നതിനാൽ ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളായാണ് ഫോണിൽ കാണിക്കുക.

രണ്ടു മാസത്തിനിടെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ബെംഗളുരുവിലെ സമാന്തര ടെലിഫോൺ എക്സ്ചേ‍ഞ്ചുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതായി മിലിട്ടറി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേന ഹെൽപ്‌ലൈനിലേക്കു വിളിച്ച ചില കോളുകളെ ചുറ്റിപ്പറ്റി മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണമാണ് ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചിൽ എത്തിയത്. മിലിട്ടറി ഇന്റലിജൻസ് നൽകിയ സൂചനയനുസരിച്ചാണു കർണാടക പൊലീസിലെ തീവ്രവാദ വിരുദ്ധ സെൽ കഴിഞ്ഞ മാസം ബെംഗളൂരുവിലെ 9 കേന്ദ്രങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയത്. തുടർന്ന് കോഴിക്കോടും പരിശോധന നടന്നു. ജൂലൈ ഒന്നിന് കോഴിക്കോട് നഗരത്തിലെ ഏഴിടങ്ങളിലാണ് ഇത്തരം എക്സ്ചേഞ്ചുകൾ കണ്ടെത്താനായത്. ഒരേസമയം 32 മുതൽ 128 വരെ സിം കാർഡുകൾ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളാണ് ഈ കേന്ദ്രങ്ങളിൽ നിന്നു പിടിച്ചെടുത്തു.

വിദേശകോളുകൾ കൈമാറുന്നതിലൂടെ ലഭിക്കുന്ന കമ്മിഷൻ കൊണ്ടുമാത്രം സമാന്തര എക്സ്ചേഞ്ചുകൾ ലാഭകരമാവില്ല എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്നത് സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണ് എന്നു പൊലീസ് കരുതുന്നു. ഇത്തരം വിളികൾക്ക് ഫോൺവിളി രേഖകൾ (സിഡിആർ) ഉണ്ടാവില്ല. സിഡിആറും മൊബൈൽ ടവർ ലൊക്കേഷനും ഉപയോഗിച്ചാണ് അടുത്ത കാലത്ത് മിക്ക കേസുകളിലും പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. എന്നാൽ ആശയവിനിമയത്തിന് കുഴൽഫോൺ ഉപയോഗിക്കുന്നതോടെ അന്വേഷണസംഘം ഇരുട്ടിലാവുന്നു.

ചില സ്വർണക്കടത്ത് സംഘങ്ങൾ സമാന്തര എക്സ്ചേഞ്ചുകളിൽ പണം മുടക്കിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്കുള്ള പ്രതിഫലം എത്തിയിരുന്നത് കുഴൽപ്പണമായിട്ടെന്നും കണ്ടെത്തി. ബെംഗളൂരുവിലെ എക്സ്ചേഞ്ചുകളിൽനിന്നു പൊലീസ് നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയിരുന്നു. വിദേശത്തു നിന്നുള്ള ഫോൺവിളികൾ ഉൾപ്പെടെയുള്ള ഇടപാടുകൾക്കുള്ള തുക പണമായിട്ടാണു എത്തിയിരുന്നത് എന്നതിന്റെ തെളിവാണിത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സംഘടനകൾ സമാന്തര എക്സ്ചേഞ്ചുകൾക്ക് പിന്നിലുണ്ടെന്ന സംശയങ്ങളു൦ ഉയർന്നുവരുന്നുണ്ട്. ശ്രമം മാത്രമല്ല, എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് ചില തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധവും ഭീകരബന്ധത്തിലേക്കു വഴിതെളിക്കുന്നു.

രാജ്യത്ത് പലവട്ടം ഇത്തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പിടികൂടിയിട്ടുണ്ടെങ്കിലും പ്രതികൾ പിഴയടച്ച് രക്ഷപ്പെടുകയാണ് ചെയ്യുക. സാധാരണ ടെലികോം തട്ടിപ്പ് കേസുകളായാണ് ഇതു റജിസ്റ്റർ ചെയ്യുക. റജിസ്ട്രേഷൻ ഇനത്തിൽ ടെലി കമ്യൂണിക്കേഷൻ വകുപ്പിൽ അടയ്ക്കേണ്ട തുകയും വിവിധ മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് ഉണ്ടായ നഷ്ടവും കണക്കാക്കിയാണ് പിഴത്തുക നിശ്ചയിക്കുക. ഭൂരിപക്ഷം കേസുകളിലും മൊബൈൽ കമ്പനികൾ പരാതിയുമായി എത്താറില്ലെന്നതും പ്രതികൾക്കു സൗകര്യമാകും. എന്നാൽ ടെലികോം തട്ടിപ്പായി ഈ കേസ് ഒതുക്കാനില്ലെന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ തീരുമാനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here