gnn24x7

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു

0
514
gnn24x7

കോട്ടയം: ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്.

‘ജടായുപ്പാറ’യുടെ ഒരു വശത്തു നിന്നുള്ള ദൃശ്യ മാതൃകയാണ് റിപ്പബ്ലിക് ദിന പരേഡിനായി അണിയിച്ചൊരുക്കിയത്. രാമായണത്തിൽ, സീതയുമായി രാവണൻ പുഷ്പക വിമാനത്തിൽ വായുമാർഗം ലങ്കയിലേക്കു കടക്കുമ്പോൾ പക്ഷിശ്രേഷ്ഠനായ ജടായു ഏറ്റുമുട്ടിയെന്നും രാവണന്റെ ചന്ദ്രഹാസമേറ്റു ചിറകറ്റ് ഈ പാറമേൽ വീണെന്നുമാണ് ഐതിഹ്യം. ചിറകരിഞ്ഞു വീണ പക്ഷിയുടെ രൂപത്തിലുള്ള കൂറ്റൻ ശിൽപം ചടയമംഗലത്ത് നിർമിച്ചത് ശിൽപിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചൽ ആണ്. സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലാണു ജടായുപ്പാറ.

ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യമായി ആദ്യം സമർപ്പിച്ച ജടായു ഫ്ലോട്ട്. ഇതിൽ കേരള എന്നെഴുതിയ പക്ഷിയുടെ കൊക്കിന്റെ ഭാഗമാണ് സ്ത്രീ ശാക്തീകരണമായി വിശദീകരിച്ചത്. ഇത് മാറ്റണമെന്നായിരുന്നു ജൂറിയുടെ നിർദേശം. ആദ്യം സമർപ്പിച്ച മാതൃകയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ചില മാറ്റങ്ങൾ നിർദേശിച്ചു. ഇവ ഉൾപ്പെടുത്തി വീണ്ടും കേരളം മാതൃക സമർപ്പിച്ചു. എന്നാൽ പരേഡിൽ പ്രദർശിപ്പിക്കാനുള്ള നിശ്ചല ദൃശ്യങ്ങളുടെ പട്ടികയിൽ കേരളം ഇല്ല. ഇതോടെ പരേഡിൽ നിന്നു കേരളം പുറത്തായി. ദൃശ്യമാതൃകയുടെ പ്രധാന കവാടത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉൾപ്പെടുത്തിയിരുന്നു. സ്ത്രീശാക്തീകരണ ലോഗോ മാറ്റി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്നു ജൂറി നിർദേശിച്ചു. അതോടെ ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങൾ ചേർത്തു പുതിയ സ്കെച്ചുകൾ കേരളം നൽകി. തുടർന്ന് നിശ്ചല ദൃശ്യത്തിനൊപ്പമുള്ള സംഗീതം ചിട്ടപ്പെടുത്തുന്നതിന് കേരളത്തിന് ജൂറി അനുമതി നൽകിയിരുന്നു. എന്നാൽ അന്തിമ പട്ടികയിൽ കേരളം ഇടം പിടിച്ചില്ല.

പരേഡിനായി തയാറാക്കിയ നിശ്ചല ദൃശ്യത്തിന്റെ പ്രധാന കവാടത്തിൽ പ്രത്യേകം ഉൾപ്പെടുത്തിയ ചിത്രമാണ് ജൂറിയ്ക്ക് അതൃപ്തി ഉണ്ടാകാൻ കാരണം. സ്ത്രീ ശാക്തീകരണത്തിന്റെ ലോഗോയാണ് ആദ്യം ചേർത്തിരുന്നത്. രണ്ടാം തവണ ജൂറിയുമായി കൂടിക്കാഴ്ച കഴിഞ്ഞപ്പോൾ നിശ്ചല ദൃശ്യം നന്നായിട്ടുണ്ടെന്നും എന്നാൽ സ്ത്രീശാക്തീകരണ ലോഗോ മാറ്റി കാലടി ശ്രീആദിശങ്കരാചാര്യരുടെ ചിത്രം വച്ചു കൂടെയെന്നും ജൂറി അഭിപ്രായപ്പെട്ടു. ലോഗോ മാറ്റുന്നെങ്കിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രമാണ് എറെ ഉചിതമാകുകയെന്നു കേരള സർക്കാർ താൽപര്യം അറിയിച്ചു. ഇതുപ്രകാരം ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും രൂപങ്ങൾ ചേർത്തു രണ്ടു സ്കെച്ചുകൾ വീണ്ടും സമർപ്പിച്ചു.

കയർ എന്ന പ്രമേയത്തിലെ നിശ്ചലദൃശ്യവുമായാണ് കഴിഞ്ഞ വർഷം കേരളം റിപ്പബ്ലിക് ദിന പരേഡിനു പങ്കെടുത്തത്. മുൻപ് 2 വർഷം കേരളത്തിന്റെ ഫ്ലോട്ടിനു അനുമതി ലഭിച്ചിരുന്നില്ല. റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിനു 5 തവണ കേരളത്തിനു മെഡൽ ലഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here