gnn24x7

പിഎസ്എൽവി സി 54 ദൗത്യം വിജയിച്ചു; ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിൽ എത്തി

0
180
gnn24x7

ചെന്നൈ: പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. രാജ്യത്തിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹവും നയതന്ത്ര സഹകരണത്തിന്‍റെ ഭാഗമായി ഭൂട്ടാന്‍റെ ചെറു ഉപഗ്രഹവും ഏഴ് വാണിജ്യ ഉപഗ്രഹങ്ങളും ഒരുമിച്ച് വിക്ഷേപിക്കുക എന്ന ദൗത്യമാണ് ഇസ്രോ ഇത്തവണ ഏറ്റെടുത്തത്.

ഇന്ന് രാവിലെ കൃത്യം 11.56-നാണ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിന്‍റെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പിഎസ്എൽവി ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. പിഎസ്എൽവിയുടെ ഏറ്റവും കരുത്തുള്ള വേരിയന്‍റായ പിഎസ്എൽവി എക്സ്എൽ ആയിരുന്നു വിക്ഷേപണ വാഹനം.

ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ പോലെ കൃത്യം  പതിനേഴാം മിനുട്ടിൽ ഓഷ്യൻ സാറ്റ് 3 ഭ്രമണ പഥത്തിലെത്തി. കടലിന്‍റെ സ്വഭാവവും ഉപരിതല താപനിലയും കാലാവസ്ഥയും പ്രവചിക്കുന്ന മൂന്നാം തലമുറ ഉപഗ്രഹമാണ് ഇഒഎസ് 6 എന്ന ഓഷ്യൻ സാറ്റ് 3.

തുടർന്ന് ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ച് വാഹനം 214 കിലോമീറ്റർ വരെ താഴെയുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തി. ഇതിനിടെ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളും കൃത്യമായി ഭ്രമണപഥങ്ങളിൽ സ്ഥാപിച്ചു. ഭൂട്ടാന്‍റെ ഒപ്റ്റിക്കൽ ഇമേജിംഗ് ഉപഗ്രഹമായ ഭൂട്ടാൻ സാറ്റ് ദൗത്യത്തിലുൾപ്പെടുത്തിയത് നയതന്ത്ര സഹകരണത്തിന്‍റെ കൂടി ഭാഗമായാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടെന്ന് വിക്ഷേപണം കാണാൻ എത്തിയ ഭൂട്ടാൻ വിവര, വാർത്താ വിനിമയ മന്ത്രി കർമ ഡോണൻ വാങ്ഗ്ഡി പറഞ്ഞു.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here