gnn24x7

മാസപ്പടി നല്‍കുന്ന വാഹനങ്ങൾ തിരിച്ചറിയാൻ സ്റ്റിക്കർ; കൈക്കൂലി ആവശ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

0
578
gnn24x7

കോഴിക്കോട്: ടിപ്പര്‍ ലോറിക്കാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഗതാഗത കമ്മിഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് എംവിഐ ധനീഷിനെതിരായ നടപടി. അതേസമയം മാസപ്പടി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ തിരിച്ചറിയാന്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ലോറിയില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നതായും കണ്ടെത്തി.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടിപ്പര്‍ ലോറി ഉടമയോട് മാസപ്പടി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറോടാണ് ആദ്യം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ പേര് ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നതിനാല്‍ ഗതാഗത കമ്മിഷണര്‍ നേരിട്ടായി അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ എംവിഐ ധനീഷില്‍ നിന്നും താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമയില്‍ നിന്നും മൊഴിയെടുത്തു.

കൈക്കൂലി ആവശ്യപ്പെട്ടതായി ധനീഷ് സമ്മതിച്ചതായാണ് സൂചന. മാസപ്പടി കൊടുക്കാത്തതിന്റെ പേരില്‍ തന്റെ ലോറികള്‍ക്ക് അനാവശ്യമായി പിഴ ഈടാക്കിയതായി ലോറി ഉടമയും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മാസപ്പടി കൊടുത്തിട്ടുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ ലോറിയുടെ ഗ്ലാസില്‍ പ്രത്യേക സ്റ്റിക്കര്‍ പതിച്ചിരുന്നതായി കണ്ടെത്തി. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഏത് സ്റ്റിക്കര്‍ പതിക്കണമെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം വന്‍കിട കമ്പനികളുടെ ലോറികള്‍ക്ക് അവരുടെ പേര് മാത്രം മതിയാകും തിരിച്ചറിയാന്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here