gnn24x7

ഇന്നലെ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി

0
3433
gnn24x7

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി.

ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7