gnn24x7

യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിൽ ആരംഭിക്കാൻ തീരുമാനമായി

0
128
gnn24x7

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതിക വിദ്യ കൗൺസിൽ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിൽ സന്ദർശനം നടത്തുന്ന യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. യൂറോപ്യൻ യൂണിയനും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സാങ്കേതിക, സുരക്ഷാ മേഖലകളിൽ ഉയരുന്ന വെല്ലുവിളികളെ നേരിടാനും കൗൺസിൽ സഹായിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുളള സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ ജൂണിൽ പുനരാരംഭിക്കും.

നിലവിലെ ലോകസാഹചര്യത്തിൽ വിശ്വസ്ത സാങ്കേതിക വിദ്യ, വ്യാപാര ബന്ധങ്ങൾ, സുരക്ഷ എന്നിവയിൽ തന്ത്രപരമായ ഏകോപനമുണ്ടാക്കാൻ കൗൺസിൽ ആവശ്യമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ട അവസരവുമാണിത്. ഇരു സമ്പദ് വ്യവസ്ഥകളുടെയും പുരോഗതിക്കു വേണ്ട നടപടികൾ യഥാസമയം എടുക്കാനും രാഷ്ട്രീപരമായ തീരുമാനങ്ങൾ, ഏകോപനം, തീരുമാനങ്ങളുടെ തുടർനടപടികൾ എന്നിവ കൃത്യമായി ഉറപ്പാക്കാനും കൗൺസിൽ സഹായിക്കും.

ഇന്ത്യയുടെയും യൂറോപ്യൻ യൂണിയന്റെയും പൊതുതാൽപര്യങ്ങൾ പരസ്പര പൂരകവും ആഴമേറിയതും തന്ത്രപ്രധാനവുമായ സഹകരണത്തിലേക്ക് വഴിയൊരുക്കുന്നതാണ്. യുഎസുമായി വ്യാപാര സാങ്കേതിക കൗൺസിൽ ഉണ്ടാക്കിയതിനു ശേഷം യൂറോപ്യൻ യൂണിയൻ ആദ്യമായാണ് മറ്റൊരു രാജ്യവുമായി ചേർന്ന് കൗൺസിലുണ്ടാക്കുന്നത്.

യുക്രെയ്ൻ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ചർച്ചയിൽ മോദി നിർദേശിച്ചു. യുക്രെയ്നിലെ ജനങ്ങളുടെ മനുഷ്യത്വപരമായ പ്രശ്നങ്ങൾക്കാണ് ്രപാമുഖ്യം നൽകേണ്ടതെന്നും ചർച്ചകളാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ–പസഫിക് മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയുടെ ഭാഗമായി. പാരമ്പര്യേതര ഊർജോപയോഗം കൂട്ടുന്നതിന് ഇന്ത്യയും യൂറോപ്യൻ യൂണിയനും സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉൽപന്നങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് സുസ്ഥിരമല്ലെന്നതിന്റെയും തെളിവാണ് യുക്രെയ്ൻ യുദ്ധമെന്ന് ഉർസുല കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് സന്ദർശിച്ചു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ പുഷ്പചക്രവും സമർപ്പിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയങ്കറും ഉർസുലയെ സന്ദർശിച്ചു ചർച്ചകൾ നടത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here