gnn24x7

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു

0
205
gnn24x7

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 4–ാം സമ്മേളനത്തിനു മുന്നോടിയായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു. പ്രകടനമായി പുറത്തേക്കു പോയി. ഗവർണർ സഭയിലെത്തിയതിനു പിന്നാലെ ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഗവർണർ പ്രസംഗം ആരംഭിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും ക്ഷുഭിതനായ ഗവർണർ, ഇപ്പോൾ ചർച്ചയ്ക്കുള്ള സമയമല്ലെന്നു പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ഗവർണർ സൗജന്യമായി വാക്‌സീന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യസംവിധാനങ്ങൾക്ക് കഴിഞ്ഞതായും വിവരിച്ചു. പരിസ്ഥിതി സൗഹൃദമായ യാത്രാ സാഹചര്യമാണ് കെ റെയിലിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സിൽവർലൈൻ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. വേഗവും സൗകര്യവും ഉറപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസന സൂചികകളിൽ കേരളമാണ് മുന്നിൽ. ആരോഗ്യരംഗത്ത് സംസ്ഥാനമാണ് രാജ്യത്ത് മുന്നിൽ. ദാരിദ്ര്യനിർമാർജനത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറവ് സംസ്ഥാനത്താണ്. ബിപിഎൽ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജ് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. എന്നാൽ ചെലവു കൂടിയിട്ടും വിഹിതം കൂട്ടാൻ കേന്ദ്രം തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാനത്തെ സഹായിക്കുക കേന്ദ്രത്തിന്റെ ബാധ്യതയാണ്. ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഏറെനേരം സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഗവർണർ ഇന്നു നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആകാംക്ഷയിലായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാതിരുന്ന ഗവർണർ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി നേതാവ് ഹരി എസ്.കർത്തയെ നിയമിച്ചതിലുള്ള വിയോജനക്കുറിപ്പ് സർക്കാരിന് വേണ്ടി അയച്ചത് ജ്യോതിലാലായിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കു വേണ്ടി വായിക്കുന്നുവെന്ന് മുൻകാലത്ത് പറഞ്ഞ് അസാധാരണ കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുള്ള ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here