ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ എംബസി ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഇന്ത്യയ്ക്ക് താലിബാൻറെ സന്ദേശം. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. താലിബാന്റെ ചീഫ് ഓഫിസിൽ നിന്നാണ് ഈ സന്ദേശങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. 40 ഓളം പേരെ രക്ഷിച്ചെങ്കിലും ഇനിയും 120 ഓളം എംബസി ജീവനക്കാർ അഫ്ഗാനിലുണ്ട്. കൂടാതെ 200 ഓളം സിഖുകാരും ഹിന്ദുക്കളും കുടുങ്ങിക്കിടക്കുകയാണ്. അഫ്ഗാനിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ. എസ്.ജയ്ശങ്കർ അറിയിച്ചു.