gnn24x7

ജന്മബന്ധത്തിന്റെ പുണ്യം; ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ചു കൊച്ചുമകൻ പുതു ജീവിതത്തിലേക്ക്…

0
69
gnn24x7

പാലാ: വൃക്ക രോഗത്തെ തുടർന്ന് ബുദ്ധിമുട്ടിയ സ്കൂൾ വിദ്യാർത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്ക ദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ചു. പിതാവിന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകൻ വീണ്ടും സ്കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. 

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലായിരുന്നു ജന്മ ബന്ധങ്ങളുടെ ഇഴ കോർത്ത ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. വൃക്ക മാറ്റിവച്ച ഒൻപതാം ക്ലാസ് വിദ്യാർഥിയായ കൊച്ചുമകനും വൃക്ക ദാനം ചെയ്ത വീട്ടമ്മയായ ഉമ്മൂമ്മയും സുഖം പ്രാപിച്ചു. 6 മാസത്തെ വിശ്രമത്തിനു ശേഷം കളിചിരികളോടെ ഒൻപതാം ക്ലാസ് വിദ്യാർഥി ഉടൻ വീണ്ടും സ്കൂളിൽ പോയി തുടങ്ങും. വിശ്രമം പൂർത്തിയാക്കിയ  ഉമ്മൂമ്മ വീണ്ടും വീട്ടു ജോലികളിൽ സജീവമായി തുടങ്ങി. വണ്ടിപെരിയാർ സ്വദേശികളായ കുടുംബമാണ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ രണ്ടു തലമുറകളുടെ ബന്ധം എഴുതി ചേർത്തത്. അടിയന്തര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു പലപ്പോഴും ദാതാവിനെ കണ്ടെത്താൻ ബുദ്ധിമുട്ടാറുണ്ട്.ഈ സാഹചര്യത്തിലാണ് പ്രായമായവർക്കും വൃക്ക ദാതാവ് ആകാം എന്ന സന്ദേശവുമായി ഒരു ഉമ്മൂമ്മ മുന്നോട്ട് വന്നത്.

ജന്മനാ തന്നെ രോഗത്തെ തുടർന്ന് വിവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന കുട്ടിയായിരുന്നു ഇത്. ചികിത്സകളും മറ്റുമായി മുന്നോട്ടു പോകുന്നതിനിടെ കുട്ടിക്ക് രണ്ടര വയസുള്ളപ്പോൾ 27 കാരനായിരുന്ന പിതാവ് ആകസ്മികമായി മരിക്കുകയും ചെയ്തു. രോഗമുള്ള കുട്ടിയും ഒരു വയസുള്ള ഇളയ കുട്ടിയുമായി തേയില തോട്ടത്തിൽ ജോലിക്കു പോയും തൊഴിലുറപ്പു ജോലി ചെയ്തുമാണ്  മാതാവും  ഉമ്മൂമ്മയും ചേർന്ന് ജീവിതം മുന്നോട്ട് നയിച്ചത്.  വിവിധ ആശുപത്രികളിൽ വർഷങ്ങളോളം കുട്ടിയുമായി മാതാവിന് ചികിത്സ തുടരേണ്ടി വന്നു. ഒൻപതാം ക്ലാസ്സിൽ എത്തിയതോടെ കുട്ടിയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇവർ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ  കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വൃക്ക മാറ്റിവെയ്ക്കൽ അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. 

അനുയോജ്യമായ വൃക്ക കണ്ടെത്താൻ ശ്രമങ്ങൾ തുടങ്ങുന്നതിനിടെ വൃക്ക ദാനം ചെയ്യാൻ കുട്ടിയുടെ മാതാവും  ഉമ്മൂമ്മയും സ്വയം മുന്നോട്ട് വരികയായിരുന്നു. ഉമ്മൂമ്മയുടെ വൃക്ക കൂടുതൽ യോജിക്കുന്നതാണെന്ന് പരിശോധനയിലൂടെ കണ്ടെത്തി. ചികിത്സ ചെലവിനും ശസ്ത്രക്രിയയ്ക്കു ശേഷം താമസ സൗകര്യമൊരുക്കുന്നതിനുമായി തുക കണ്ടെത്തണമെന്നുള്ള വെല്ലുവിളിയും ഇവർക്ക് മുന്നിൽ ഉണ്ടായിരുന്നു. വണ്ടിപ്പെരിയാറിലെ മുസ്ലിം ജമാ അത്ത്  അധികൃതരും വണ്ടിപ്പെരിയാർ പഞ്ചായത്തും ജനപ്രതിനിധികളും ചേർന്ന് കുട്ടിയുടെ ചികിത്സ ചെലവിനായി സന്നദ്ധ സഹായ സമിതി രൂപീകരിച്ചു ശ്രമങ്ങൾ തുടങ്ങിയതോടെ നാട് ഒന്നാകെ ഇവർക്ക് കരുതലും കൈത്താങ്ങുമായി മൂന്നോട്ടു വരികയായിരുന്നു. ജാതിമതഭേദമന്യേ നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വഴിയൊരുക്കിയതെന്ന് മാതാവ് പറഞ്ഞു. 

ശസ്ത്രക്രിയയ്ക്കും ഡിസ്ചാർജിനും ശേഷം താമസത്തിനായി പ്രത്യേക സൗകര്യവും സഹായസമിതി ഒരുക്കി നൽകി. മാർ സ്ലീവാ മെഡിസിറ്റിയിലെ അവയവ മാറ്റിവെയ്ക്കൽ ടീം അംഗങ്ങളായ ഡോ.മഞ്ജുള രാമചന്ദ്രൻ, ഡോ. തോമസ് മാത്യു, ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ,കൃഷ്ണൻ.സി , ഡോ. അജയ്.കെ പിള്ള, ഡോ.ആൽവിൻ ജോസ്.പി, ഡോ.ജെയിംസ് സിറിയക് എന്നിവരുടെ സംഘമായിരുന്നു ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും നേതൃത്വം നൽകിയത്. വൃക്ക മാറ്റിവച്ചു അനുബന്ധ പരിശോധനകളും പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥി വീട്ടിലിരുന്നു വീണ്ടും പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങി. വണ്ടിപ്പെരിയാറിൽ നിന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സ്നേഹാന്വേഷണങ്ങൾ എത്തുന്നതും അവനു സന്തോഷം പകരുന്നു.

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ച് ഒന്നര വർഷം പിന്നിടുന്നതിനിടെ 32  വൃക്ക മാറ്റിവെയ്ക്കൽ  ശാസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ അഭിമാനത്തിലാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7