മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖിൽ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളിൽ വെള്ളം കയറി. പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ നിലയുറപ്പിച്ചു. മലനിരകളിൽ നിന്നുള്ള വെള്ളം കുത്തിയൊലിക്കുന്നതു തുടരുകയാണ്.
ഈ മേഖലകളിലേക്കുള്ള റോഡുകൾ അടച്ചു.പല മേഖലകളും ഒറ്റപ്പെട്ടതായാണു റിപ്പോർട്ട്. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിനടിയിലായി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴക്കെടുതികൾ വ്യാപകമായ വടക്കൻ മേഖലകളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു പൊലീസ് നിർദേശിച്ചു. ഇതിനിടെ, യുഎഇയിൽ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്നലെ പുലർച്ചെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ-ദുബായ് റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.