gnn24x7

കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്

0
170
gnn24x7

കൊറോണ വൈറസ് ലോക്ഡൗണിനു ശേഷം രാജ്യം ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുവൈറ്റ് സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതായി അറബ് ടൈംസ് റിപ്പോര്‍ട്ട്. നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇന്ത്യാക്കാരാണ് ഇതില്‍ നല്ലൊരു ശതമാനം. മലയാളികളുടെ എണ്ണം പുറത്തുവന്നിട്ടില്ല.

ജനസംഖ്യയിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം സംബന്ധിച്ചുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി ഹ്യൂമണ്‍ റിസോഴ്സസ് ഡെവലപ്മെന്റ് കമ്മിറ്റി തലവന്‍ ഖലീല് അല്‍ സാലെഹ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളും തയ്യാറാക്കി നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കുന്നതിനായി അടുത്തയാഴ്ച യോഗം ചേരും. സാങ്കേതികേതര ജോലികളിലുള്ള പ്രവാസികളെ ഒഴിവാക്കി അതത് മന്ത്രാലയങ്ങള്‍ ലക്ഷ്യം നേടണമെന്നു നിഷ്‌കര്‍ഷിക്കും. സര്‍ക്കാര്‍ ജോലികളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സിവില്‍ സര്‍വീസസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികേതര തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്.നിലവില്‍ കുവൈറ്റിലുള്ള 10 ലക്ഷത്തോളം ഇന്ത്യാക്കാരില്‍ 8 ലക്ഷം പേര്‍ക്കും ക്രമേണ രാജ്യം വിടേണ്ടിവരുമെന്നാണ് സ്വദേശിവത്കരണ നിയമം വിശകലനം ചെയ്ത് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.കുവൈറ്റിലെ സ്വദേശിവത്കരണ പ്രക്രിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു വ്യാപിക്കുന്നതിന് കോവിഡ് വ്യാപനം ഇടയ്ക്കു തടസമായിരുന്നെങ്കിലും ഇനി നടപടികള്‍ക്കു വേഗത കൂടുമെന്ന ഭീതി പ്രവാസികളില്‍ ശക്തമായിട്ടുണ്ട്.

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ അതത് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ ഉപകരാര്‍ സ്ഥാപനങ്ങളിലേക്ക് മാറിയെന്ന്് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here