അബുദാബി/ദുബായ്: കൊറോണ വൈറസ് പിടിമുറുക്കിയ ചൈനയ്ക്ക് പിന്തുണയുമായി യുഎഇ. ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത യുഎഇ ബുർജ് ഖലീഫ, അബുദാബിയിലെ എമിറേറ്റ്സ് പാലസ്, അഡ്നോക് ആസ്ഥാനം തുടങ്ങി ബഹുനില കെട്ടിടങ്ങളിൽ ചൈനീസ് പതാക തെളിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്ന പോലെ ദുഃഖത്തിലും പങ്കുചേരുകയായിരുന്നു യുഎഇ.
പ്രതിസന്ധി തരണം ചെയ്യാൻ ചൈനയ്ക്ക് സാധിക്കുമെന്നും യുഎഇ അധികൃതർ പറഞ്ഞു. ക്യാപിറ്റൽ ഗേറ്റ്, അബുദാബി ഗ്ലോബൽ മാർക്കറ്റ്, എമിറേറ്റ്സ് പാലസ്, ഷെയ്ഖ് സായിദ് ബ്രിജ് അബുദാബി, ദുബായിലെ ബുർജ് അൽ അറബ്, അൽഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയം എന്നീ കെട്ടിടങ്ങളും ഐക്യദാർഢ്യത്തിന്റെ ചുവപ്പണിഞ്ഞു. നേരത്തേ യുഎസിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസ താരം കോബി ബ്രയാന്റെയും മകൾ ജിയാനയുടെയും ചിത്രം കാണിച്ച് അവർക്ക് ആദരമർപ്പിച്ചിരുന്നു.
വിമാന സർവീസ് ബെയ്ജിങ്ങിലേക്ക് മാത്രം
അബുദാബി: യുഎഇയിൽനിന്ന് ബെയ്ജിങ് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. നാളെ മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ല. ബെയ്ജിങ്ങിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് 6 മുതൽ 8 മണിക്കൂർ നീളുന്ന ആരോഗ്യപരിശോധനയ്ക്കു വിധേയമാകേണ്ടിവരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. പുതിയ ആരോഗ്യപരിശോധനാ വിവരം യാത്രക്കാരുമായി മുൻകൂട്ടി പങ്കുവയ്ക്കണമെന്നും വിമാനം വൈകുന്നത് ഒഴിവാക്കണമെന്നും ട്രാവൽ ഏജൻസികൾക്കും എയർലൈനുകൾക്കും നിർദേശം നൽകി.
വിദ്യാർഥികളെ സൗദിയിലെത്തിച്ചു
റിയാദ്: കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനയിലെ വുഹാനിൽനിന്ന് 10 സൗദി വിദ്യാർഥികളെ സുരക്ഷിതമായി രാജ്യത്തെത്തിച്ചു. റിയാദിലെത്തിയ സംഘത്തെ വിമാനത്തിൽ തന്നെ മെഡിക്കൽ സംഘം പരിശോധിച്ച ശേഷം ജീവനക്കാർ ഉൾപെടെയുള്ളവരെ പ്രത്യേകം സജ്ജീകരിച്ച താമസ സ്ഥലത്തേക്കു മാറ്റി. ഇവിടെ 2 ആഴ്ച നിരീക്ഷിച്ച ശേഷം വീണ്ടും പരിശോധനാ വിധേയമാക്കും.