gnn24x7

കൊറോണ വൈറസിനെതിരെ ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം

0
236
gnn24x7

ദോഹ: കൊറോണ വൈറസിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം. ചൈനയിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ചൈനീസ് യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ പരിശോധന നടത്തുന്നത്. ഉയർന്ന നിലവാരമുള്ള തെർമൽ ക്യാമറ ഉപയോഗിച്ചാണ് യാത്രക്കാരന്റെ ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്നത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ എയർവേയ്‌സ് എന്നിവയുടെ സഹകരണത്തിൽ പരിശോധന ഏർപ്പെടുത്തിയത്.

വിമാന യാത്രക്കാർക്ക് തെർമൽ പരിശോധന

ചൈനയിൽ നിന്നെത്തിയ 6 വിമാനങ്ങളിലെ 2,000 യാത്രക്കാരാണ് വെള്ളിയാഴ്ച ആരംഭിച്ച തെർമൽ പരിശോധനയ്ക്ക് വിധേയരായത്. എല്ലാവരും രോഗവിമുക്തരാണ്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ഒരു വിമാനത്തിൽ നിന്നുള്ള മുഴുവൻ യാത്രക്കാർക്കും തെർമൽ പരിശോധന നടത്താൻ പരമാവധി 20 മിനിറ്റ് മതിയെന്ന് ദേശീയ എപ്പിഡെമിക് പ്രിപ്പറേഷൻ കമ്മിറ്റി സഹ അധ്യക്ഷനും മന്ത്രാലയം ആരോഗ്യ സംരക്ഷണ-സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടറുമായ ഡോ.ഹമദ് അൽ റുമൈഹി പറഞ്ഞു. വിമാനത്താവളത്തിനുളളിൽ 10 തെർമൽ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെയും ഹമദ് മെഡിക്കൽ കോർപറേഷനിലെയും ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധന.

എല്ലാം സജ്ജമാക്കി മെഡിക്കൽ ക്ലിനിക്

രോഗ ലക്ഷണങ്ങളോടെ എത്തുന്നവർ, തെർമൽ ക്യാമറയിൽ സംശയാസ്പദമായ തരത്തിൽ ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്ന യാത്രക്കാർ എന്നിവർക്കെല്ലാം അടിയന്തര പരിചരണം നൽകാൻ വിമാനത്താവളത്തിനുള്ളിൽ മെഡിക്കൽ ക്ലിനിക്കും സജീവം. എമർജൻസി വകുപ്പിലെ ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് വിഭാഗം പ്രതിനിധികൾ എന്നിവരുടെ സേവനമാണ് ക്ലിനിക്കിലുള്ളത്. ന്യുമോണിയയുണ്ടെന്ന് കണ്ടെത്തിയാൽ യാത്രക്കാരനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റും.

ബോധവൽക്കരണ ക്യാംപെയ്‌നും

പരിശോധന മാത്രമല്ല വൈറസിനെതിരെ ബോധവൽക്കരണ ക്യാംപെയ്‌നും വിമാനത്താവളത്തിൽ ആരംഭിച്ചു. ന്യുമോണിയ, ഉയർന്ന തോതിലുള്ള പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളെക്കുറിച്ച് വിമാനത്താവളത്തിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും അവബോധം നൽകുന്നുണ്ട്. പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ള വിമാനങ്ങൾ ദോഹയിലേക്ക് എത്തുന്നതിന് മുൻപേവിമാന ജീവനക്കാർ യാത്രക്കാർക്ക് ബോധവൽക്കരണം നൽകുന്നുണ്ട്. മേൽ പറഞ്ഞ രോഗ ലക്ഷണങ്ങൾ ഉള്ളവർ അധികൃതരെ അറിയിക്കണമെന്നും അടിയന്തര ചികിത്സ തേടണമെന്നും നിർദേശിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here