gnn24x7

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു; ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവ്

0
195
gnn24x7

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള “വില യുദ്ധ”ത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില 30% ഇടിഞ്ഞു. ഗൾഫ് യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിലിന്‍റെ ആവശ്യകത കുറഞ്ഞതാണ് സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വില യുദ്ധത്തിന് തുടക്കമിട്ടത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില പിടിച്ചുനിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ഒപെക് (OPEC) രാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് തുടര്‍ന്നാണ് റഷ്യയെ ഒരു പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി വില കുത്തനെ കുറച്ചത്.

1991ലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇത്രയും തകര്‍ച്ച എണ്ണ വിപണിയില്‍ ഇതിന് മുമ്പുണ്ടായത്.

കൊറോണ വൈറസ് ലോകവ്യാപകമായപ്പോള്‍ എണ്ണയ്ക്ക് ആവശ്യം താരതമ്യേന കുറഞ്ഞു. ഈ സാഹചര്യത്തില്‍ വില കുത്തനെ ഇടിയാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നായിരുന്നു സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് (OPEC) രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ റഷ്യ ഒപെക് (OPEC) രാജ്യങ്ങളുടെ ആവശ്യം നിരസിച്ചു. പതിവ് ഉല്‍പ്പാദനം തുടരുകയും ചെയ്തു. ഇങ്ങനെ തുടര്‍ന്നാല്‍ എണ്ണ മേഖല ഒപെക് (OPEC)  രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് പുറത്തുപോകുകയും റഷ്യയ്ക്ക് മേല്‍ക്കൈ വരികയും ചെയ്യുമെന്ന സാഹചര്യം സംജാതമായി. ഈ സാഹചര്യത്തിലാണ് സൗദി അടവ് മാറ്റിയത്. സൗദി എണ്ണവില കുത്തനെ കുറയ്ക്കുകയായിരുന്നു.

അതിനു കാരണമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. ഒപെക് (OPEC) കൂട്ടായ്മയില്‍ പ്രധാനിയും സൗദിയാണ്. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ലോകത്ത കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാം രാജ്യം റഷ്യയാണ്.

സൗദിയുടെ ചുവടുമാറ്റം മൂലം അന്താരാഷ്ട്ര വിപണിയില്‍ ബാരല്‍ എണ്ണയ്ക്ക് 14 ഡോളറിന്‍റെ  കുറവ് വന്നു. ഇത്രയും ഇടിവ് ഒറ്റദിവസം വന്നത് 1991 ജനുവരി 17നാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്‍റെ അവസരത്തിലായിരുന്നു അത്.

എന്നാല്‍, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള “വില യുദ്ധ൦” ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ എണ്ണ വില കുറയുകയാണ്.

ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറയുന്നത്. രണ്ടാഴ്ചക്കിടെ പെട്രോളിനും ഡീസലിനും ഒന്നര രൂപയുടെ കുറവ് വന്നിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള വിപണിയില്‍ വില കുറഞ്ഞത് ആശ്വാസകരമാണ്. വില കുറയുന്നതോടെ ഇന്ത്യയില്‍ അവശ്യ സാധനങ്ങള്‍ക്കും വില താഴുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന താഴ്ച താല്‍ക്കാലികമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here