gnn24x7

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാനൊരുങ്ങി ദുബായ്

0
5601
gnn24x7

ദുബായ് അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കുന്നു. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണ് പുതിയ വിമാനത്താവളം അറിയപ്പെടുക. ഏകദേശം 35 ബില്യൺ യുഎസ് ഡോളർ (2.9 ലക്ഷം കോടി) രൂപയുടെ പദ്ധതിയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും അടുത്ത വർഷങ്ങളിൽ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് എമിറേറ്റ് ഭരണാധികാരി അറിയിച്ചു. നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലുതായിരിക്കും പുതിയ എയർപോർട്ട്. 70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മുഴുവൻ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. 

കഴിഞ്ഞ ഞായറാഴ്ചയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പദ്ധതിക്ക് ദുബായ് ഭരണാധികാരി അന്തിമ അം​ഗീകാരം നൽകിയത്. സൗത്ത് ദുബായ് പദ്ധതിയുടെ ഭാ​ഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അ‌ടുത്തായിട്ടാണ് വിമാനത്താവളം വരിക. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാവുക.

പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകൾ സ്ഥാപിക്കും. വ്യോമഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് അഞ്ച് സമാന്തര റൺവേകൾ ഉൾപ്പെടുത്തും. പദ്ധതിയിൽ പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ അവതരിപ്പിക്കും. ഇത് വ്യോമയാന മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കാരണമാകും. ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും പത്ത് ലക്ഷത്തോളം പേർക്കുള്ള താമസസൗകര്യം ഉൾകൊള്ളുന്ന തരത്തിൽ ഒരു നഗരം കൂടി പുതുതായി നിർമ്മിക്കും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികളെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ദുബായ് ഭരണകൂടം ഇതുവഴി ലക്ഷ്യമിടുന്നത്.

2010-ലാണ്‌ ദുബായ് വിമാനത്താവളത്തിൽ നിന്നും 45 കിലോമീറ്റർ അകലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല. ആയിരക്കണക്കിന് ഏക്കർ നീണ്ട് കിടക്കുന്ന ആൾതാമസമില്ലാത്ത മരുഭൂമിയാണ് ഈ പ്രദേശം. കോവിഡ് സമയത്ത് ചില പ്രവർത്തനങ്ങൾക്ക് വിമാനത്താവളം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ചരക്ക്, സ്വകാര്യ ഫ്ലൈറ്റുകൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും അൽ മക്തൂം വിമാനത്താവളത്തിൽ നടക്കുന്നുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7