gnn24x7

യുഎഇയിൽ റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ മൂന്നുമാസത്തെ സമയപരിധി അനുവദിച്ചു

0
187
gnn24x7

അബുദാബി: യുഎഇയിൽ റസിഡൻസി പെർമിറ്റ്  കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ മൂന്നുമാസത്തെ സമയപരിധി അനുവദിച്ചു. ജൂലൈ 12 മുതൽ മൂന്നു മാസത്തേക്ക് പിഴകൂടാതെ പെർമിറ്റ് പുതുക്കാമെന്ന് മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇ ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ ഖാബി ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് വിസ കാലാവധി ഡിസംബർ 31വരെ നീട്ടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യുഎഇ പിൻവലിച്ചിരുന്നു.

”ജൂലൈ 12 മുതൽ മൂന്നുമാസത്തേക്ക് യുഎഇ റസിഡൻസി പെർമിറ്റുകൾ പുതുക്കാം. ഈ കാലാവധി കഴിഞ്ഞാൽ പിഴ ഈടാക്കും”- ടിവി അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ ഖാബി പറഞ്ഞു. മാർച്ച് ഒന്നിന് ശേഷം പെർമിറ്റിന്റെ കാലാവധി അവസാനിച്ചവർക്കാകും പുതുക്കാൻ മൂന്നുമാസത്തെ സമയം ലഭിക്കുക. രാജ്യത്തിന് പുറത്തുള്ളവർ മടങ്ങിയെത്തുമ്പോൾ പിഴ കൂടാതെ പെർമിറ്റ് പുതുക്കാൻ ഒരു മാസത്തെ സമയം അനുവദിക്കും. സന്ദർശകർക്കും ടൂറിസ്റ്റ് വിസയിൽ രാജ്യത്തുള്ളവർക്കും ജൂലൈ 12 മുതൽ ഒരു മാസം മടങ്ങിപ്പോകാൻ സമയം ലഭിക്കുമെന്നും ബ്രിഗേഡിയർ അൽ ഖാബി പറഞ്ഞു.

വിസ, തിരിച്ചറിയൽ കാർഡ് എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട അതോറിറ്റികൾ സ്വീകരിച്ചു തുടങ്ങി. മാർച്ചിനും ഏപ്രിലിനും ഇടയിൽ തിരിച്ചറിയൽ കാർഡ്, താമസ പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചവരിൽ നിന്നാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. മെയ് മാസത്തിൽ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് എട്ടുമുതൽ പുതുക്കുന്നതിന് അപേക്ഷിക്കാം.

ജൂൺ ഒന്നു മുതൽ ജൂലൈ 11വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്നവരുടെ അപേക്ഷകൾ സെപ്തംബർ 10 മുതൽ സ്വീകരിക്കും. ജൂലൈ 12നോ അതിനുശേഷമോ കാലാവധി അവസാനിക്കുന്നവർക്ക് അവ പുതുക്കുന്നതിനായി അപേക്ഷിക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. ica.gov.ae വെബ്സൈറ്റ് വഴിയുള്ള സ്മാർട്ട് സർവീസ് സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് സന്ദർശക വിസ അടക്കമുള്ളവയുടെ കാലാവധി ഈ വർഷം അവസാനം വരെ നീട്ടിയിരുന്നു. എന്നാൽ ഈ തീരുമാനം കഴിഞ്ഞ ദിവസം പിൻവലിച്ചു. വിസ പുതുക്കുന്നതിന് ജൂലൈ 12 മുതൽ അപേക്ഷ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here